തൃശൂര്‍ പൈങ്കുളത്ത് ഭാരതപ്പുഴയില്നാലുപേര് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെറുതുരുത്തി സ്വദേശി കബീര്‍(44), ഭാര്യ ഷാഹിന, മകള്‍ സെറ(10), ബന്ധു ഫുവാദ് സനില്‍(12) എന്നിവരാണ് മരിച്ചത്. വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തുമ്പോഴാണ് അപകടമെന്നു കരുതുന്നു. ഭാരതപ്പുഴയില്‍ അപകടച്ചുഴികളുള്ള സ്ഥലത്താണ് കുടുംബം അപകടത്തില്‍പ്പെട്ടത്. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അപകടം ഉണ്ടാകാറുള്ള മേഖലയെന്ന് പഞ്ചായത്ത് അംഗം മനോരമ ന്യൂസിനോട് പറഞ്ഞു.
ചെറുതുരുത്തി പൈങ്കുളം ഭാഗത്താണ് കബീറും ഭാര്യയും രണ്ടു മക്കളും ഇറങ്ങിയത്. പുഴ കാണാനെത്തിയപ്പോള്‍ ഒന്നു കുളിക്കാന്‍ തോന്നിയതാണ് ഈ കുടുംബത്തെ ദാരുണമായ അപകടത്തിലേക്ക് എത്തിച്ചത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മരിച്ചു.
പൈങ്കുളം ഭാഗത്ത് ധാരാളം ചതിക്കുഴികളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മണല്‍തിട്ടകളും പലയിടത്തും കാണാം. സ്ഥിരം അപകടമേഖലയായ ഈ സ്ഥലത്തെക്കുറിച്ച് അറിവില്ലാതെ ഇറങ്ങിയതാണ് കുടുംബത്തെ അപകടത്തിലേക്ക് നയിച്ചത്. ആഴം അറിയാനാവാത്ത ചതിക്കുഴിയിലേക്കാണ് അച്ഛനും അമ്മയും രണ്ടു മക്കളും ഇറങ്ങിയത്.
പുഴയിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ കുടുംബം മുങ്ങിത്താണുപോയെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഉടന്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കബീറിന്റെ ഭാര്യയെ മാത്രമാണ് കരയ്ക്കു കയറ്റാനായത്. ഉടന്‍ തന്നെ ഇവരെ ആംബുലന്‍സില്‍ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നിരവധി മണല്‍ക്കുഴികള്‍ നിറഞ്ഞ മേഖലയാണിത്.