Image Credit: Twitter

ഗര്‍ഭിണിയായ യുവതിയെ ക്രൂരമര്‍ദനത്തിനിരയാക്കി ഭര്‍തൃവീട്ടുകാര്‍. ചത്തീസ്ഗഢിലെ റായ്പൂരിലാണ് ദാരുണസംഭവം നടന്നത്. അനുഷ ഗുപ്ത എന്ന യുവതിയെയും മാതാപിതാക്കളെയുമാണ് ഭര്‍ത്താവിന്‍റെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് മാരകമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ മൂന്നുമാസം ഗര്‍ഭിണിയായ അനുഷയ്ക്ക് സാരമായ പരുക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെയും മാതാപിതാക്കളുടെയും പരാതിയിന്മേല്‍ കേസെടുത്ത പൊലീസ് ഭര്‍ത്താവ് മധുസുധന്‍ ഗുപ്തയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അറിയിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

റായ്ഗഡ് ജില്ലയിലെ തിന്‍മിനി ഗ്രാമത്തിലാണ് ഗര്‍ഭിണിക്കെതിരെ കൊടുംക്രൂരത അരങ്ങേറിയത്. എസ്എസ്ബി ജവാനായ മധുസുധന്‍ ഗുപ്തയും മൂന്നുമാസം ഗര്‍ഭിണിയായ അനുഷയും വിവാഹശേഷം ഉത്തരാഖണ്ഡില്‍ നിന്നും സ്വന്തം നാടായ ചത്തീസ്ഗഢിലേക്ക് വരാന്‍ തീരുമാനിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാട്ടിലേക്കുളള ട്രെയിന്‍ യാത്രക്കിടെ ഭര്‍ത്താവ് മധുസുധന്‍ ഗുപ്ത കടന്നുകളഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിനെ തിരക്കി മാതാപിതാക്കളോടൊപ്പം ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് അനുഷയെ ഭര്‍തൃവീട്ടുകാര്‍ കൊടിയ പീഡനത്തിന് ഇരയാക്കിയത്.

കാറില്‍ ഭര്‍തൃവീട്ടിലെത്തിയ അനുഷയെ കാറില്‍ നിന്ന് വലിച്ച് താഴെയിട്ട ശേഷമായിരുന്നു ഭര്‍തൃവീട്ടുകാരുടെ ആക്രമണം.  മൂന്നുമാസം ഗര്‍ഭിണിയായ അനുഷയുടെ വയറിലേക്ക് ചാടിയാണ് ഭര്‍തൃമാതാവ് പകതീര്‍ത്തത്. ക്രിക്കറ്റ് ബാറ്റുപയോഗിച്ചായിരുന്നു ഭര്‍തൃപിതാവിന്‍റെ മര്‍ദനം. മധുസുധന്‍ ഗുപ്തയുടെ അയല്‍വാസികളും കമ്പും വടിയും ഉപയോഗിച്ച് അനുഷയെയും മാതാപിതാക്കളെയും മാരമായി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

2024 സെപ്റ്റംബറിലാണ് നഴ്സായ അനുഷയും എസ്എസ്ബി ജവാനായ മധുസുധന്‍ ഗുപ്തയും വിവാഹിതരായത്. ഫേസ്ബുക്കിലൂടെയുളള പരിചയമാണ് വിവാഹത്തില്‍ കലാശിച്ചത്. അനുഷയുമായുളള വിവാഹത്തിന് മധുസുധന്‍ ഗുപ്തയുടെ കുടുംബം എതിരായിരുന്നു. ഉത്തരാഖണ്ഡില്‍ പോസ്റ്റിംഗ് ലഭിച്ചതോടെ വിവാഹശേഷം അനുഷയോടൊപ്പം മധുസുധന്‍ അവിടെ താമസമാക്കി. 

ഇതിനിടെയാണ് നാട്ടില്‍ നിന്ന് മാതാപിതാക്കള്‍ വിളിച്ചെന്നും അവരുടെ പിണക്കം മാറിയെന്നും ഉടനെ പോകണമെന്നും പറ​ഞ്ഞ് മധുസുധന്‍ അനുഷയെയും കൂട്ടി നാട്ടിലേക്ക് പുറപ്പെടുന്നത്. എന്നാല്‍ യാത്രമധ്യേ മധുസുധന്‍ ഗുപ്ത കടന്നുകളഞ്ഞു. സംഭവം റെയില്‍വേ ഹെല്‍പ്​ലൈനില്‍ അറിയിച്ചതോടെ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് മധുസുധന്‍റെ സഹോദരനാണെന്നും അനുഷ മനസിലാക്കി. ഇതിനിടെ മധുസുധന്‍റെ മാതാപിതാക്കള്‍ അനുഷയെ വിളിച്ച് തങ്ങള്‍ക്ക് അനുഷയെ കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞു. ഇതോടെയാണ് അനുഷ സ്വന്തം മാതാപിതാക്കളെയും കൂട്ടി മധുസുധന്‍റെ ഗ്രാമത്തിലേക്ക് പുറപ്പെട്ടത്.

കൊടിയ മര്‍ദത്തിനിരയായ അനുഷയും മാതാപിതാക്കളും പുസൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മധുസുധനും കുടുംബത്തിനുമെതിരെ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് മധുസുധനെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജിതമാക്കിയതായി അറിയിച്ചു. 

ENGLISH SUMMARY:

"Kicked, Hit With Slippers, Sticks": Pregnant Woman Alleges Assault By In-Laws In Chhattisgarh