മോഷ്ടാക്കള്‍ നടന്‍ സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തിയത് കുട്ടികളുടെ മുറിയില്‍ വച്ച്. വീട്ടിനുള്ളില്‍ കടന്ന മോഷ്ടാക്കളെ ചെറുക്കുന്നതിനിടെയാണ് നടന് കുത്തേറ്റത് ഇന്ന് പുലര്‍ച്ചെയാണ് സെയ്ഫ് അലി ഖാന്‍ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആക്രമിക്കപ്പെട്ട സമയം വീട്ടില്‍ ഭാര്യ കരീന കപൂര്‍ ഖാനും മക്കളായ തൈമൂറും ജെയുമുണ്ടായിരുന്നു.
ALSO READ; നടന്‍ സെയ്ഫ് അലി ഖാന് വീടിനുള്ളില്‍വച്ച് കുത്തേറ്റു
പുലര്‍ച്ചെ വീട്ടിനുള്ളില്‍ അസ്വഭാവികമായ ശബ്ദങ്ങള്‍ കേട്ട് കുട്ടികളെ നോക്കുന്ന ആയയാണ് ആദ്യം ഉണര്‍ന്നത്. പിന്നാലെ സെയ്ഫ് അലി ഖാന്‍ വീട്ടില്‍ മോഷ്ടാക്കള്‍ കടന്നതായി തിരിച്ചറിഞ്ഞു. തനിക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധിച്ച സെയ്ഫ് മോഷ്ടാക്കളുടെ തലയില്‍ അടിച്ചു. ആക്രമണത്തില്‍ സെയ്ഫിന് ആറിടങ്ങളില്‍ മുറിവേറ്റു. അതില്‍ രണ്ടെണ്ണം ഗുരുതരമാണ്. ഒരു മുറിവ് നട്ടെല്ലിനോട് ചേര്‍ന്നാണ്. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് ലീലാവതി ആശുപത്രിയുടെ സിഇഒ നിരജ് ഉത്തമാനി പറഞ്ഞു.
ആക്രമണത്തിനു പിന്നാലെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ എങ്ങനെയാണ് വീട്ടിനുള്ളില്‍ കടന്നതെന്ന് വ്യക്തമല്ല. വീട്ടിനുള്ളിലേക്ക് ആരും പോകുന്നതായി കണ്ടിട്ടില്ല എന്നാണ് സെക്യൂരിറ്റി പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മോഷണശ്രമം ചെറുക്കുന്നതിന്‍റെ ഭാഗമായി സെയ്ഫ് അലി ഖാന് കുത്തേറ്റുവെന്ന് ഭാര്യ കരീന പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിലവില്‍ അദ്ദേഹം ചികിത്സയിലാണ്. കുടുംബത്തിലെ മറ്റുള്ളവര്‍ സുരക്ഷിതരാണ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മാധ്യമങ്ങളും ആരാധകരും വിഷയത്തില്‍ സമ്യമനം പാലിക്കണം എന്നും പ്രസ്താവനയില്‍ കരീന വ്യക്തമാക്കിയിട്ടുണ്ട്.