മധ്യപ്രദേശിൽ വിവാഹത്തിന് നാല് ദിവസം മുമ്പ് നവവധുവിനെ പിതാവ് വെടിവെച്ച് കൊന്നു. ഗ്വാളിയർ ഗോലകാ മന്ദിർ ഏരിയയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം . തനു ഗുർജാർ എന്ന 20 വയസുകാരിയെ ആണ് പിതാവ് മഹേഷ് ഗുർജാർ നാടൻ തോക്കുകൊണ്ട് പോയിന്‍റ് ബ്ലാങ്കിൽ വെടിവെച്ച് കൊന്നത്. നിശ്ചയിച്ച വിവാഹം വേണ്ടെന്നും മറ്റൊരാളെ ഇഷ്ടമാണെന്നും തനു പറഞ്ഞതോടെയാണ് മഹേഷ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തനുവും മഹേഷ് എന്ന യുവാവുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന വിവരം തനു പറയുന്നത്. സംഭവ ദിവസം വൈകിട്ട് തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിക്കുകയാണെന്ന് ആരോപിച്ച് തനു സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 52 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ തനിക്ക് പിതാവ് നിശ്ചയിച്ച വിവാഹത്തിൽ താൽപ്പര്യമില്ലെന്നും മറ്റൊരാളുമായി പ്രണയത്തിലാണെന്നും യുവതി വെളിപ്പെടുത്തി.
ഈ വിഡിയോ പുറത്ത് വന്നാൽ താൻ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും തനു പറയുന്നത് വിഡിയോയിൽ കാണാം. വിക്കി എന്ന യുവാവുമായി താൻ ആറ് വർഷമായി പ്രണയിത്തിലാണെന്നാണ് യുവതി പറയുന്നത്. വിഡിയോ പുറത്ത് വന്ന് നാല് മണിക്കൂറുകൾക്ക് ശേഷമാണ് കൊലപാതകം നടന്നത്.