ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ വീട്ടിനുള്ളില്‍ കടന്ന മോഷ്ടാക്കളെ ചെറുക്കുന്നതിനിടെയാണ് നടന് കുത്തേറ്റത് എന്നാണ് വിവരം. നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. കുട്ടികളുടെ മുറിയില്‍ വച്ചാണ് അതിക്രമം നടന്നതെന്നും പിന്നീട് വാര്‍ത്തയെത്തി.
ഇതോടെ സമൂഹമാധ്യമത്തില്‍ ‘റിയല്‍ ലൈഫ് ഹീറോ’ ആയി വാഴ്ത്തപ്പെടുകയാണ് സെയ്ഫ് അലി ഖാന്‍. മോഷ്ടാക്കളെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം മക്കളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കിയത്. കുത്തേറ്റ് വീണപ്പോഴും അവര്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ നോക്കി. മക്കളെ മാത്രമല്ല, വീട്ടിലുണ്ടായിരുന്ന ജോലിക്കാര്‍ക്കും യാതൊരു അപകടവും സംഭവിക്കാതിരിക്കാന്‍ അദ്ദേഹം കൃത്യമായി പ്രതിരോധിച്ചു. എല്ലാവരെയും ‘സെയ്ഫ്’ ആക്കിയ സെയ്ഫ് അലി ഖാന് കയ്യടി, ഒപ്പം പ്രാര്‍ഥനകളും എന്ന കുറിപ്പാണ് സമൂഹമാധ്യമത്തില്‍ പലരും പങ്കുവയ്ക്കുന്നത്.
പുലര്‍ച്ചെ രണ്ടരയോടെയാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം അറിയുന്നത്. അസ്വഭാവികമായ ശബ്ദം കേട്ട് കുട്ടികളെ നോക്കുന്ന ആയയാണ് ആദ്യം ഉണര്‍ന്നത്. പിന്നാലെ സെയ്ഫ് അലി ഖാന്‍ വീട്ടില്‍ മോഷ്ടാക്കള്‍ കടന്നതായി തിരിച്ചറിഞ്ഞു. തനിക്കു നേരെ ആക്രമണമുണ്ടായപ്പോള്‍ പ്രതിരോധിച്ച സെയ്ഫ് മോഷ്ടാക്കളുടെ തലയില്‍ അടിച്ചു. ആക്രമണത്തില്‍ സെയ്ഫിന് ആറിടങ്ങളില്‍ മുറിവേറ്റു. അതില്‍ രണ്ടെണ്ണം ഗുരുതരമാണ്.
ആക്രമണത്തിനു പിന്നാലെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ എങ്ങനെയാണ് വീട്ടിനുള്ളില്‍ കടന്നതെന്ന് വ്യക്തമല്ല. വീട്ടിനുള്ളിലേക്ക് ആരും പോകുന്നതായി കണ്ടിട്ടില്ല എന്നാണ് സെക്യൂരിറ്റി പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മോഷണശ്രമം ചെറുക്കുന്നതിന്‍റെ ഭാഗമായി സെയ്ഫ് അലി ഖാന് കുത്തേറ്റുവെന്ന് ഭാര്യ കരീന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നിലവില്‍ അദ്ദേഹം ചികിത്സയിലാണ്. കുടുംബത്തിലെ മറ്റുള്ളവര്‍ സുരക്ഷിതരാണ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മാധ്യമങ്ങളും ആരാധകരും വിഷയത്തില്‍ സമ്യമനം പാലിക്കണം എന്നും പ്രസ്താവനയിലൂടെ കരീന അഭ്യര്‍ഥിച്ചു. സംഭവത്തില്‍ മൂന്ന് വീട്ടുജോലിക്കാര്‍ പൊലീസ് കസ്റ്റഡിയിലാണെന്നതാണ് ഏറ്റവും ഒടുവിലെത്തിയ വാര്‍ത്ത.