കൂടത്തായി കേസുമായി സമാനതയുള്ള കുറ്റം നടന്നതായി അന്വേഷണ സംഘം വിലയിരുത്തിയ പാലക്കാട് തോട്ടര സ്വദേശിനി നബീസ കൊല്ലപ്പെട്ട കേസ് അടുത്തദിവസം മണ്ണാർക്കാട് കോടതി വിധി പറയാനായി പരിഗണിക്കും. നബീസയുടെ മകളുടെ മകൻ ബഷീർ, ബഷീറിന്റെ ഭാര്യ ഫസീല എന്നിവരാണ് കേസിലെ പ്രതികൾ. ഫസീലയും ഭര്‍ത്താവും കൊലപാതകം നടത്തിയ രീതി പരിഗണിച്ചാണ് കൂടത്തായി കേസിന്റെ സമാനതയുള്ള കുറ്റകൃത്യമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയത്.
2016 ജൂൺ ഇരുപത്തി നാലിനാണ് തോട്ടര സ്വദേശിനി നബീസയെ ആര്യമ്പാവ് - ഒറ്റപ്പാലം റോഡിൽ നായാടിപ്പാറക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനിടെ നബീസയുടെ മകളുടെ മകന്‍ ബഷീര്‍, ബഷീറിന്‍റെ ഭാര്യ ഫസീല എന്നിവര്‍ പിടിയിലായി. ഫസീലയുടെ കുറ്റകൃത്യ രീതിയാണ് കേസിന് കൂടത്തായി സമാനതയെന്ന് പൊലീസ് വിലയിരുത്തിയത്. ഭർത്താവിന്റെ പിതാവ് മുഹമ്മദിന് രണ്ടു വർഷത്തിലേറെ മെത്തോമൈൻ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല അഞ്ച് വര്‍ഷം കഠിനതടവ് അനുഭവിച്ചിട്ടുണ്ട്. ഭര്‍ത്താവിന്‍റെ മാതാവിന്‍റെ മരണത്തിലും ഫസീലയ്ക്ക് പങ്കുണ്ടെന്ന ആക്ഷേപം ബന്ധുക്കള്‍ നിരവധിതവണ ഉയര്‍ത്തിയതാണ്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീർ അനുനയിപ്പിച്ച് നമ്പ്യാൻ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി. ബഷീറിന്റെ പിതാവിന് ഫസീല വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചതിനെത്തുടര്‍ന്ന് വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട ഇവര്‍ക്ക് വീട്ടില്‍ തിരിച്ച് വരാന്‍ നബീസയായിരുന്നു തടസം. 22.6.2016 ന് രാത്രി ചീരക്കറിയിൽ ചിതലിനുള്ള മരുന്നു ചേർത്ത് നബീസക്ക് കഴിക്കാൻ കൊടുത്തു. കഴിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ചു.
തുടർന്ന് 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം റോഡരികിൽ കണ്ട കാര്യം ബഷീർ തന്നെയായിരുന്നു പൊലീസിനോട് വിളിച്ചു പറഞ്ഞത്. തൃപ്പുണ്ണിത്തറയിൽ പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും, 2018 ൽ കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും ഫസീല പ്രതിയാണ്.