എറണാകുളം ചേന്ദമംഗലം കിഴക്കുംപുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്ന കേസിലെ പ്രതി റിതുരാജ് ഇടക്കിടെ കേസില്‍പ്പെടുന്നയാളാണെന്ന് നാട്ടുകാര്‍. കേസില്‍പ്പെടുമ്പോഴെല്ലാം അമ്മ ഒരു സര്‍ട്ടിഫിക്കറ്റുമായി പൊലീസിനടുത്തെത്തും, അങ്ങനെയാണ് പ്രതി ഇക്കാലമത്രയും രക്ഷപ്പെട്ടു നടന്നതെന്നും നാട്ടുകാര്‍ പറയുന്നു. മാനസിക പ്രശ്നങ്ങളുണ്ടെന്നു കാണിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റിന്റെ ധൈര്യത്തിലാണ് കാട്ടിക്കൂട്ടലുകളെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
എക്സൈസിലുള്‍പ്പെടെ കേസുള്ള ക്രമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് റിതുരാജ്. സ്ത്രീകളെ ശല്യം ചെയ്തതിനും ,ലഹരിക്കേസിലും ഇയാള്‍ക്കെതിരെ പരാതിവന്നിട്ടുണ്ട്. കഞ്ചാവ് കച്ചവടക്കാരനാണെന്നും കൊല്ലപ്പെട്ട കുടുംബത്തിന് എന്നും തലവേദനയാണ് പ്രതിയെന്നും നാട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് ഗേറ്റ് തകര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് കുടുംബം വീട്ടുവളപ്പില്‍ രണ്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് എസ്പിയും വ്യക്തമാക്കുന്നു.
ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. രണ്ട് ഇരുമ്പുപൈപ്പുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ കുടുംബത്തെ ആക്രമിച്ചത്. പ്രതിയെക്കണ്ട് സംശയം തോന്നിയ എസ്ഐയാണ് പിടികൂടിയതെന്നും എസ്പി വൈഭവ് സക്സേന പറയുന്നു. പ്രതി ഇരുമ്പുപൈപ്പുമായി ഭീഷണിമുഴക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. വിനീഷയെ കൊലപ്പെടുത്തുമെന്ന് നേരത്തേയും പ്രതി ഭീഷണി മുഴക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് റിതുരാജിന്റെ ഇരുമ്പുവടി കൊണ്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത് .വേണുവിന്റെ മരുമകന്‍ ജിതിന്‍ ഗുരുതര പരുക്കേറ്റ് ചികില്‍സയിലാണ്. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇത്രയും വലിയൊരു ക്രൂരകൃത്യത്തിലേക്ക് ചെന്നെത്തിയത്. വിനീഷയുടെയും ജിതിന്റെയും മക്കളും സംഭവസമയം വീട്ടിലുണ്ടായിരുന്നു. ഇവരെ സംഭവശേഷം ബന്ധുവീടുകളിലേക്ക് മാറ്റി.