കേരളമൊന്നാകെ നടുങ്ങിയ വാര്‍ത്തയായിരുന്നു കഷായത്തില്‍ വിഷം ചേര്‍ത്ത് സുഹൃത്തിനെ കൊന്ന ഗ്രീഷ്മയുടേത്. മറ്റൊരു യുവാവിന്‍റെ വിവാഹാലോചന വന്നതോടെയാണ് പാറശ്ശാല സ്വദേശിയായ ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിനെ കേട്ടുകേള്‍വിയില്ലാത്ത മാര്‍ഗത്തിലൂടെ കൊന്നുകളഞ്ഞത്. ഒന്നര വര്‍ഷത്തോളം ഷാരോണും ഗ്രീഷ്മയുമായി പ്രണയത്തിലായിരുന്നു. 2022 ഒക്ടോബര്‍ 14നാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. 11–ാം നാള്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്ന് ഷാരോണ്‍ മരിച്ചു. കേസില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
ഒരേ ബസില്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. പ്രണയം തീവ്രമായതോടെ ഇരുവരും തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിലെത്തി രഹസ്യമായി താലിയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി. പക്ഷേ നാഗര്‍കോവില്‍ സ്വദേശിയായ പട്ടാളക്കാരന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമങ്ങള്‍ തുടങ്ങി. മതങ്ങള്‍ വ്യത്യസ്തമാണെന്നും പ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു ആദ്യത്തെ വാദം. ഇത് ഫലിക്കാതെ വന്നതോടെ ജാതകം പ്രശ്നമാണെന്നും തന്നെ വിവാഹം കഴിച്ചാല്‍ ഷാരോണ്‍ മരിച്ചുപോകുമെന്നും കള്ളക്കഥ ഇറക്കി. ഇതും പൊളിഞ്ഞതോടെ വകവരുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
പാരസെറ്റാമോള്‍ കലര്‍ത്തിയ ജ്യൂസ് ഷാരോണിന് നല്‍കി 'ജ്യൂസ് ചലഞ്ചിലൂടെ' കൊലപ്പെടുത്താന്‍ നോക്കി. ഇതിന് ശേഷം രണ്ടുമാസം കഴിഞ്ഞ് പ്രണയം നടിച്ച് ഷാരോണിനെ വിളിച്ചു വരുത്തി കയ്പ്പുള്ള കഷായം കുടിക്കാമോയെന്നായി ചോദ്യം. അമ്മാവന്‍ കൃഷിയിടത്തിലേക്ക് വാങ്ങുന്ന കളനാശിനി കലര്‍ത്തിയാണ് ഗ്രീഷ്മ കഷായം നല്‍കിയത്. ആന്തരീകാവയവങ്ങള്‍ തകര്‍ന്ന് ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മ പ്രണയനാടകം തുടര്‍ന്നുവെന്നും പൊലീസ് പറയുന്നു. ആശുപത്രിയിലായതിന്‍റെ 11–ാം ദിവസമാണ് ഷാരോണ്‍ മരിച്ചത്.
ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയ്ക്ക് പുറമെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ എന്നിവരും കേസില്‍ പ്രതികളാണ്. വിഷം നൽകിയതിനും കൊലപാതകത്തിനും അന്വേഷണം തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞുവെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. സിന്ധുവിനും നിർമല കുമാരൻ നായർക്കുമെതിരെ തെളിവ് നശിപ്പിച്ച കുറ്റ തെളിഞ്ഞതായും വാദിച്ചു. എന്നാൽ പ്രതികൾ നിരപരാധികളാണെന്നും ആത്മഹത്യാ പ്രവണതയുള്ളതിനാലാണ് ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ‘പാരക്വറ്റ്’ നെക്കുറിച്ച് ഇന്റർനെറ്റിൽ പരതിയതെന്നായിരുന്നു മറുവാദം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഷാരോണിനെ ചികില്‍സിച്ച ഡോക്ടര്‍മാര്‍, പോസ്റ്റുമോര്‍ട്ടം നടത്തിയവര്‍ ഉള്‍പ്പടെ ഗ്രീഷ്മയ്ക്കെതിരെകോടതിയില്‍ തെളിവുനല്‍കി.