എറണാകുളം ചേന്ദമംഗലം കിഴക്കുംപുറത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കൂട്ടക്കൊല ചെയ്ത പ്രതി ഋതുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ലഹരിക്കടിമയാണെന്ന സംശയം ശക്തമാണ്. പ്രതി കഞ്ചാവ് കച്ചവടക്കാരനെന്നും സ്ഥിരം ശല്യക്കാരനെന്നും അയല്‍വാസി സുനില്‍ പറയുന്നു. ഇയാള്‍ ഗുണ്ടാ പട്ടികയിലുള്ള ആളാണെന്ന് മുനമ്പം ഡിൈവഎസ്പി എസ്. ജയകൃഷ്ണന്‍ പറഞ്ഞു. സ്ത്രീയെ ശല്യപ്പെടുത്തിയതടക്കം മൂന്നുകേസുകളില്‍ പ്രതിയാണ്. ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയതെന്നു എസ്.പി പറഞ്ഞു.
ALSO READ; ‘റിതു ഇടക്കിടെ കേസില്‍പ്പെടും, അമ്മ ഒരു സര്‍ട്ടിഫിക്കറ്റുമായി ചെല്ലും, അതോടെ രക്ഷ’
കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വേണുവിന്റെ മരുമകന്‍ ജിതിന്‍ ഗുരുതര പരുക്കേറ്റ് ചികില്‍സയിലാണ്. വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികളെ പ്രതി ഉപദ്രവിച്ചില്ല. മറ്റ് നാലുപേരെയും ഇരുമ്പ് വടികൊണ്ട് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വേണുവിന്‍റെ കുടുംബവും അയല്‍വാസിയായ ഋതുവും തമ്മില്‍ മുന്‍പും തര്‍ക്കങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നു. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇരുമ്പ് വടിമായി ഇവരുടെ വീട്ടിലെത്തിയത്. ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ വിനീഷ ഫോണില്‍ വിഡിയോ എടുത്തു. ഇത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ഫോൺ ഇയാൾ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം.
കൊലപാതകം നടന്ന ശേഷം ജിതിന്റെ സ്കൂട്ടറില്‍ കയറി ഋതു രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അതുവഴി വന്ന വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥിരം കുറ്റവാളിയായ ഋതുവിനെ കാണുകയും പന്തികേടു സംശയിച്ചു നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു. ഋതുവിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.