ഒരു കുടുംബത്തിലെ മൂന്ന് പേര്‍ അതിക്രൂരമായി കൂട്ടക്കുരുതി ചെയ്യപ്പെടുകയും ഒരാള്‍ക്ക് അതീവ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്യപ്പെട്ടതിന്‍റെ നടുക്കത്തിലാണ് ചേന്ദമംഗലത്തെ കിഴക്കുമ്പുറം എന്ന നാട്. അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും കണ്‍മുന്നില്‍ തലയ്ക്കടിയേറ്റ് വീണതിന്‍റെ നടുക്കം ആ വീട്ടിലെ കുട്ടികളില്‍ നിന്ന് മാറിയിട്ടില്ല. പ്രതി ഋതുവിന്‍റെ ക്രൂരകൃത്യങ്ങള്‍ക്ക് ഇവര്‍ സാക്ഷ്യം വഹിച്ചു. പ്രതി ഈ മക്കളെ മാത്രമാണ് ആക്രമിക്കാതെ വെറുതെ വിട്ടത്.
ALSO READ; വളര്‍ത്തുനായ അയല്‍വീട്ടിലെത്തി; ഇരുമ്പ് വടിയുമായെത്തി ഭീഷണി; കൂട്ടക്കൊല
അയല്‍വാസിയായ വേണുവിന്‍റെ നായ ഋതുവിന്‍റെ വീട്ടിലെത്തി എന്നുപറഞ്ഞാണ് പ്രതി കാട്ടിപറമ്പില്‍ വീടിന്‍റെ ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് കടന്നത്. കയ്യില്‍ ഒരു ഇരുമ്പ് വടിയും കരുതിയിരുന്നു. വേണുവും, ഭാര്യ ഉഷയും, മകള്‍ വിനീഷയും, വിനീഷയുടെ ഭര്‍ത്താവ് ജിതിനും അവരുടെയും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ വിനീഷ ഫോണില്‍ വിഡിയോ എടുത്തു. ഇത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ഫോൺ ഇയാൾ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. പിന്നീട് നാലുപേരുടെയും തലയ്ക്കടിച്ചു.
ALSO READ; ‘റിതു ഇടക്കിടെ കേസില്‍പ്പെടും, അമ്മ ഒരു സര്‍ട്ടിഫിക്കറ്റുമായി ചെല്ലും, അതോടെ രക്ഷ’
ജിതിൻ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാണുന്നത് രക്തം തളംകെട്ടി കിടക്കുന്നതാണ്. ചോരയില്‍ കുളിച്ചുകിടന്ന നാലുപേരെയും ആംബുലന്‍സില്‍ അയല്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കള്‍ ഉള്‍പ്പെടെ ദാരുണമായി ആക്രമിക്കപ്പെടുന്നത് കണ്ട് പകച്ചു നിന്ന കുട്ടികളെ പിന്നീട് ബന്ധു വീട്ടിലേയ്ക്ക് മാറ്റി.
ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ ലഹരിക്കേസുള്‍പ്പെടെയുണ്ട്. ഋതു വീടുകള്‍ക്ക് നേരെ കല്ലെറിയുന്നത് പതിവാണെന്ന് നാട്ടുകാര്‍. മുന്‍പ് ഗേറ്റ് തകര്‍ത്തിരുന്നു. വിനീഷയെ കൊല്ലുമെന്ന് മുന്‍പും ഭീഷണിപ്പെടുത്തിയിരുന്നു. പ്രതി ലഹരിക്കടിമയാണ്. ഇയാള്‍ മാതാപിതാക്കളെ ഉള്‍പ്പെടെ മര്‍ദിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. പ്രതി ഋതു മയക്കുമരുന്ന ലഹരിയിലാണു കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.