പാറശാല സ്വദേശി ഷാരോണിനെ കാമുകി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഗ്രീഷ്മക്കൊപ്പം അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരനെന്ന് തെളിഞ്ഞപ്പോൾ അമ്മ സിന്ധുവിനെ വെറുതേ വിട്ടു. ശിക്ഷ നാളെ വിധിക്കും.
മരണക്കിടക്കയിലും പ്രണയിനിയെ വിശ്വസിച്ച ഷാരോൺ. പക്ഷെ ഷാരോണിന്‍റെ പ്രണയത്തിൽ ഗ്രീഷ്മ വിഷം കലർത്തിയെന്ന് കോടതിയും കണ്ടെത്തി. ഒന്നര വർഷം പ്രണയിച്ച ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനാണ് 23 കാരി കൊല ആസൂത്രണം ചെയ്തത്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്ന കണ്ടെത്തലും കോടതി ശരിവെച്ചു.
കൊലപാതക കേസായിട്ടും 16 മാസമായി ഗ്രീഷ്മ ജാമ്യത്തിലായിരുന്നു. വിധി വന്നതോടെ ഒന്നും പ്രതികരിക്കാതെ ജയിലിലേക്ക്. ഷാരോണിന്‍റെ മരണമൊഴിയിൽ ഗ്രീഷ്മയെ പൂർണമായും തള്ളിപ്പറയാത്തതും വിഷം നൽകുന്നതിന് ദൃക്സാക്ഷികളില്ലാത്തതും കേസിന് വെല്ലുവിളിയായിരുന്നു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കിയ പ്രോസിക്യൂഷന്‍റെ മിടുക്ക് കേസിൽ നിർണായകമായി.
ജ്യൂസ് കഴിച്ചപ്പോഴുള്ള ശാരീരിക അവശതയെന്ന് കരുതിയതിൽ നിന്ന് ഷാരോണിന്‍റെ സഹോദരൻ ഷിമോണിന് തോന്നിയ സംശയമാണ് കേസിന് അടിസ്ഥാനം. തുടർന്ന് 5 ദിവസം കൊണ്ട് കേരളത്തെ നടുക്കിയ കൊലപാതകത്തിന്‍റെ ചുരുൾ തിരുവനന്തപുരം റൂറൽ പൊലീസ് അഴിക്കുകയായിരുന്നു. തെളിവുകളുടെ അഭാവമാണ് അമ്മയെ വെറുതെ വിടാൻ കാരണം.
കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് പൊലീസും വിഷം നൽകുന്നതിന് ദൃക്സാക്ഷികളില്ലാത്തത് കേസിന് വെല്ലുവിളിയായിരുന്നെന്ന് പ്രോസിക്യൂട്ടറും പറഞ്ഞു.
ഗ്രീഷ്മയുടെ അമ്മ സിന്ധുവും കുറ്റക്കാരിയാണെന്നും അഭിഭാഷകരുമായി ആലോചിച്ച് മേൽക്കോടതിയെ സമീപിക്കുന്നത് തീരുമാനിക്കുമെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു. ഗ്രീഷ്മയ്ക്ക് ഒപ്പം സിന്ധുവും കൂട്ടുനിന്നാണ് മകനെ കൊന്നതെന്ന് ഷാരോണിന്റെ അമ്മ പ്രിയ പറഞ്ഞു. ഗ്രീഷ്മയ്ക്ക് ഉയർന്ന ശിക്ഷ കൊടുക്കണമെന്ന് അച്ഛൻ ജയരാജും മനോരമ ന്യൂസിനോട് പറഞ്ഞു
നാളെ ശിക്ഷാവിധി അറിഞ്ഞശേഷം അഭിഭാഷകരമായി ആലോചിച്ച് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ് പറഞ്ഞു. ഒരു സ്ത്രീയും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ഗ്രീഷ്മയുടെ അമ്മ ചെയ്തത്.