ഗ്രീഷ്മയുടെ അമ്മ സിന്ധുവും കുറ്റക്കാരിയാണെന്നും അഭിഭാഷകരുമായി ആലോചിച്ച് മേൽക്കോടതിയെ സമീപിക്കുന്നത് തീരുമാനിക്കുമെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു. ഗ്രീഷ്മയ്ക്ക് ഒപ്പം സിന്ധുവും കൂട്ടുനിന്നാണ് മകനെ കൊന്നതെന്ന് ഷാരോണിന്റെ അമ്മ പ്രിയ പറഞ്ഞു. ഗ്രീഷ്മയ്ക്ക് ഉയർന്ന ശിക്ഷ കൊടുക്കണമെന്ന് അച്ഛൻ ജയരാജും മനോരമ ന്യൂസിനോട് പറഞ്ഞു

കാമുകന്‍ ഷാരോണിനെ വിഷംകൊടുത്ത് കൊന്ന കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. വിഷം കൊടുത്ത് കൊന്നതെന്ന് തെളിഞ്ഞു. തെളിവ് നശിപ്പിച്ചതിന് അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ കുറ്റക്കാരന്‍. രണ്ടാംപ്രതി അമ്മ സിന്ധുവിനെ വെറുതെ വിട്ടു.  നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 

കേരളത്തെ നടുക്കിയ പാറശാല ഷാരോണ്‍ വധക്കേസിലാണ് വിധി വന്നത്. കാമുകിയായ ഗ്രീഷ്മ സ്നേഹം നടിച്ച് വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനുമുള്ള കുറ്റങ്ങളാണ് ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയിരുന്നത്.  

കളനാശിനി കലര്‍ന്ന കഷായം 2022 ഒക്ടോബര്‍ 14 നു കുടിച്ച ഷാരോണ്‍ 11 ദിവസം കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍വെച്ചാണ് മരിക്കുന്നത്. കിഡ്നി, ലിവര്‍ എന്നിവയുള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ നശിച്ചായിരുന്നു മരണം.‍ 

പ്രണയം, ജ്യൂസ് ചാലഞ്ച്, ഒടുവില്‍ വിഷം കലര്‍ന്ന കഷായം. ഇതാണ് ഷാരോണ്‍ വധക്കേസിലെ കുറ്റപത്രത്തിന്‍റെ ചുരുക്കം. മറ്റൊരു യുവാവിന്‍റെ വിവാഹാലോചന വന്നപ്പോള്‍ ഒന്നര വര്‍ഷമായി പ്രണയിച്ചിരുന്ന ഷാരോണിനെ ഒഴിവാക്കാനാണ്  ഗ്രീഷ്മ അതിക്രൂര കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. കുറ്റപത്രത്തില്‍ പറയുന്ന നാള്‍വഴികള്‍ ഇങ്ങനെ: 

താന്‍ ജീവന് തുല്യം സ്നേഹിച്ചവള്‍, തന്‍റെ ജീവനെടുക്കാനായി വിഷം തന്നൂവെന്ന് പൂര്‍ണമായും വിശ്വസിക്കാതെയാണ് ഷാരോണ്‍ മരണത്തിലേക്ക് നടന്നുനീങ്ങിയത്.

2022 ഒക്ടോബര്‍ 14ന് ഷാരോണിനെ ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. രാവിലെ പത്തരയോടെ എത്തിയ ഷാരോണ്‍ അരമണിക്കൂറോളം ഇവിടെയുണ്ടായിരുന്നു. അതിനിടയിലാണ് ഗ്രീഷ്മ കളനാശിനി കലര്‍ന്ന കഷായം നല്‍കുന്നത്. അപ്പോള്‍ മുതല്‍ ശര്‍ദിച്ച് തുടങ്ങിയ ഷാരോണ്‍ പിന്നീട് 11 നാള്‍ ആശുപത്രിയില്‍, ഒടുവില്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്ന് മരണത്തിലേക്ക്. 

ഒരേ ബസില്‍ കോളജിലേക്കുള്ള യാത്ര, അങ്ങിനെയാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലാവുന്നത്. അതിനിടയില്‍ ആരുമറിയാതെ ഇരുവരും വെട്ടുകാട് പള്ളിയിലെത്തി മാലയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി. എന്നാല്‍ നാഗര്‍കോവില്‍ സ്വദേശിയായ സൈനികന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാനായി ഗ്രീഷ്മയുടെ ആലോചനകള്‍. 

രണ്ട് വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള വിവാഹത്തിലെ പ്രശ്നങ്ങള്‍ ആദ്യം പറഞ്ഞു. ഷാരോണ്‍ കാര്യമാക്കാതെ വന്നതോടെ ജാതകദോഷം എന്ന കള്ളക്കഥയിറക്കി. തന്‍റെ ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജാതകത്തിലുണ്ടെന്ന് പറഞ്ഞ് പേടിപ്പിക്കാനായിരുന്നു നീക്കം. അതുംപൊളിഞ്ഞതോടെയാണ് കൊന്നുകളയാന്‍ തീരുമാനിച്ചത്. ആദ്യം ഇറക്കിയതായിരുന്നു ജ്യൂസ് ചാലഞ്ച്. 

ഇതിന് ശേഷം രണ്ട് മാസത്തെ ഇടവേള. അമ്മാവന്‍ കൃഷിയിടത്തിലേക്ക് വാങ്ങുന്ന കളനാശിനി കുടിച്ചാല്‍ മനുഷ്യന്‍ മരിക്കുമെന്ന് ഗ്രീഷ്മ ഗൂഗിളില്‍ നോക്കി മനസിലാക്കി. അങ്ങിനെയാണ് പ്രണയം നടിച്ച് ഷാരോണിനെ വിളിച്ച് വരുത്തിയതും കയ്പ്പുള്ള കഷായം കുടിക്കാമോയെന്ന ചാലഞ്ചിലൂടെ ഷാരോണിനെ വിഷക്കഷായം നല്‍കിയതും. എന്നിട്ടും ഷാരോണിന്‍റെ ജീവന്‍ നഷ്ടമാകും വരെ പ്രണയം അഭിനയം തുടര്‍ന്നു. 

ENGLISH SUMMARY:

Parassala Sharon Murder Case