rape-arrest

AI Generated Images

ഭിക്ഷയാചിച്ചെത്തിയ പതിനാറുകാരിയെ 3 പേർ ചേർന്നു ബലാത്സംഗം ചെയ്യുകയും ഗർഭച്ഛിദ്രത്തിനു നിർബന്ധിക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഫരീദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ പെൺകുട്ടി ഗർഭച്ഛിദ്രത്തിനു വിധേയയായതായി ഫരീദാബാദ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതികളായ മൂന്നുപേരെയും അറസ്റ്റുചെയ്തതായി പൊലീസ്   അറിയിച്ചു. 

കുടുംബം പോറ്റാനായി ഭിക്ഷാടനത്തിന് ഇറങ്ങിയതാണ് 16കാരിയായ പെണ്‍കുട്ടി. റോഡരികില്‍ ഭിക്ഷയെടുത്ത് ഇരിക്കവെ പലപ്പോഴായി ഭക്ഷണം വാങ്ങി നല്‍കിയ ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. ഭക്ഷണം വാങ്ങി നല്‍കുന്നതു വഴി പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിക്കലായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. തന്‍റെ ഇളയ സഹോദരനെ കാണാത്തതിനെ തുടര്‍ന്ന് മുഖ്യപ്രതിയായ ഡ്രൈവറോട് സഹായം അഭ്യര്‍ത്ഥിച്ചെത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

അനുജനെ അന്വേഷിച്ച് കണ്ടെത്താമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി തന്‍റെ മുറിയിലെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. പിന്നീട്  മറ്റൊരു സുഹൃത്തിന്‍റെ മുറിയിലെത്തിച്ച് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

അതേസമയം അയല്‍വാസിയായ മറ്റൊരു ഓട്ടോ ഡ്രൈവറും തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഭക്ഷണവും ചായയും വാങ്ങിത്തരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയായിരുന്നു  പീഡനം.   പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വീട്ടിലെത്തി ബലമായി പപ്പായ കഴിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ്  ഗർഭച്ഛിദ്രത്തിനു ശ്രമിച്ച വിവരം പുറത്തറിഞ്ഞത്. ഉടനെ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യപ്രതിയായ ഡ്രൈവര്‍ ജസ്വന്ത്, സുഹൃത്ത് സുല്‍ത്താന്‍, അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ സിക്കന്ദര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. 

Teen Gang-Raped, Forced To Undergo Abortion In Faridabad:

A sixteen year old girl was allegedly raped by her neighbours and his friend multiple times in Faridabad and was also forced to undergo an abortion.