TOPICS COVERED

കോഴിക്കോട് പുതുപ്പാടിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് കൊലയെന്നു ആഷിഖിന്റെ മൊഴി . ജന്മം നല്‍കിയതിനുള്ള ശിക്ഷ ഞാന്‍ നടപ്പാക്കി എന്നായിരുന്നു ആഷിഖിന്റെ പ്രതികരണം . നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുമ്പോഴായിരുന്നു ആഷിഖിന്റെ ഈ വാക്കുകള്‍. പ്രതി ലഹരിക്ക് അടിമയായതിനാല്‍ വിശദമൊഴി രേഖപ്പെടുത്തിയിട്ടില്ല.  താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍. വെട്ടേറ്റ് മരിച്ച സുബൈദയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയ്ക്ക്  ശേഷം സഹോദരിയുടെ വീട്ടിലായിരുന്നു  സുബൈദ. ഏറെ നാളായി ബംഗളൂരുവിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ആഷിക്. 

Read Also: മകനെ പൊന്നുപോലെ സ്നേഹിച്ച അമ്മ, ബ്രെയിൻ ട്യൂമര്‍ പിടിച്ച് കിടപ്പ്; വെട്ടിക്കൊന്ന് മകന്‍

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സഹോദരി ഷക്കീലയുടെ ചോയിയോടുള്ള വീട്ടിലായിരുന്നു സുബൈദ കഴിഞ്ഞിരുന്നത്. സുബൈദയുടെ സഹോദരി ഷക്കീല ജോലിക്ക് പോയ സമയത്താണ് ആഷിഖ് വീട്ടിലെത്തിയത്. അയൽവീട്ടിൽ നിന്ന് തേങ്ങാ പൊളിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങി. തുടർന്ന് വീട്ടിലെത്തി ഈ കത്തി ഉപയോഗിച്ച് ഉമ്മയുടെ കഴുത്തിനും മുഖത്തും വെട്ടുകയായിരുന്നു

നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ പിടയുന്ന സുബൈദയെയാണ് കണ്ടത്. ഇതിനിടെ ആഷിഖ് വീടിനുള്ളിൽ ഒളിച്ചിരുന്നു. സമീപവാസികൾ പലയിടങ്ങളിലും പരിശോധിച്ചെങ്കിലും ആഷിഖിനെ കണ്ടെത്താനായില്ല. ആളുകൾ പോയെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആഷിഖിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബൈദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ENGLISH SUMMARY:

Woman hacked to death in Kozhikode; son arrested