greeshma-punishment

ഒന്നര വർഷം പ്രണയിച്ച കാമുകനെ കഷായത്തിൽ കളനാശിനി കലക്കിക്കൊടുത്ത് കൊന്ന ഗ്രീഷ്മയുടെ ശിക്ഷ എന്താണെന് അറിയാനുള്ള കാത്തിരിപ്പിലാണ് പൊലീസും നിയമലോകവും. തിങ്കളാഴ്ച ഉച്ചക്ക് മുൻപ് നെയ്യാറ്റിൻകര ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് എം ബഷീർ ശിക്ഷ വിധിക്കും.

Read Also: 'കൂടിപ്പോയാൽ 38 വയസ് വരെ ; അതു കഴിഞ്ഞ് ഞാൻ ജീവിച്ചോളാം'; കൂസലില്ലാതെ ഗ്രീഷ്മ

വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ഇന്നലെ വാദിച്ചത്. അപൂർവങ്ങളിൽ അപൂർവമായുള്ള കുറ്റമായി കാണണമെന്നും വാദിക്കുന്നു. എന്നാൽ കോടതി അങ്ങനെ വിലയിരുത്തുമോയെന്നതിൽ നിയമ വിദഗ്ധർക്കിടയിൽ രണ്ട് അഭിപ്രായമുണ്ട്. കഷായത്തിൽ കളനാശിനി കലർത്തിക്കൊന്ന രീതി അപൂർവമാണ്. മാത്രവുമല്ല കൊലക്കുറ്റത്തിന് വധശിക്ഷ നൽകാവുന്നതുമാണ്. ഈ രണ്ട് കാര്യങ്ങൾ മാത്രം കോടതി പരിഗണിച്ചാൽ വർഷങ്ങൾക്ക് ശേഷം വധശിക്ഷക്ക് വിധിക്കുന്ന സ്ത്രീയാവും ഗ്രീഷ്മ.

 

എന്നാൽ  24 വയസ് മാത്രമുള്ള ഗ്രീഷ്മയുടെ പ്രായവും മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും  അനുകൂലഘടകമായേക്കും. അങ്ങിനെയെങ്കിൽ വധശിക്ഷ ഒഴിവായേക്കും. ഇതിനാണ് സാധ്യത കൂടുതൽ കൽപ്പിക്കുന്നത്.

വധശിക്ഷ കിട്ടിയില്ലെങ്കിൽ ഇരട്ട ജീവപര്യന്തത്തിന്റെ സാധ്യതയാണ് പിന്നീടുള്ളത്. കാരണം ഗ്രീഷ്മക്കെതിരെ തെളിഞ്ഞിരിക്കുന്നത് 4 കുറ്റങ്ങളാണ്. കൊലപാതകം , കൊല്ലാനായി തട്ടിക്കൊണ്ടുപോകൽ , വിഷം കൊടുക്കൽ , കുറ്റകൃത്യം മറച്ചു വെക്കൽ. ഇതിൽ കൊലപാതകത്തിനും(IPC 302) കൊല്ലാനായി തട്ടിക്കൊണ്ടു പോകലിനും(IPC 364) ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. രണ്ട് കുറ്റത്തിനും ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്ന് വിധിച്ചാൽ ഗ്രീഷ്മയെ കാത്തിരിക്കുന്നത് ഇരട്ട ജീവപര്യന്തമാവും. ഇതിനുള്ള സാധ്യതയാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ പ്രതിഭാഗത്തിന്റെ ഏതെങ്കിലും വാദം കോടതി മുഖവിലക്കെടുത്താൽ ശിക്ഷ വീണ്ടും കുറഞ്ഞേക്കാം. കൊലക്കുറ്റത്തിന് മാത്രം ജീവപര്യന്തവും തട്ടിക്കൊണ്ടു പോകലിനും വിഷം നൽകിയതിനും പത്ത് വർഷം തടവും വിധിച്ച് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പറഞ്ഞേക്കാം. അങ്ങനെയെങ്കിൽ ജീവപര്യന്തത്തിൽ ശിക്ഷ ഒതുങ്ങും.

ENGLISH SUMMARY:

Sharon Raj murder: Greeshma, uncle guilty; mother acquitted for want of evidence