വെള്ളിയാഴ്ചയാണ് മഹാരാഷ്ട്ര സ്വദേശികളും സഹോദരങ്ങളുമായ ദത്താത്രേയ കൊണ്ടിബ ബാമണെ, മുക്താ കൊണ്ടിബ ബാമണെ എന്നിവർ തിരുവനന്തപുരത്തെത്തിയത്. തമ്പാനൂർ പൊലീസ് സ്റ്റേഷന് എതിർ വശത്തുള്ള ഹോട്ടലിൽ മുറിയെടുത്തു. ഇന്ന് രാവിലെ ഹോട്ടൽ ജീവനക്കാർ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിയെങ്കിലും തുറന്നില്ല.
ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതിന് തുടർന്ന് എത്തിയ പോലീസ് പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പുരുഷൻ ഫാനിൽ തൂങ്ങിയ നിലയിലും, സ്ത്രീ കട്ടിലിലുമാണ് മരിച്ചു കിടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട് എന്നും സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു.
തൊഴിലില്ലെന്നും അനാഥരാണെന്നും ആത്മഹത്യ ചെയ്യുന്നു എന്നുമാണ് കുറിപ്പിലുള്ളത്. ബന്ധുക്കൾ ആരെങ്കിലും വന്നാൽ മൃതദേഹം വിട്ടു നൽകരുതെന്നും കുറിപ്പിലുണ്ട്.