യുഡിഎഫിനോട് സഹകരിക്കാൻ താതപര്യം പ്രകടിപ്പിച്ച് മുന്നണി നേതൃത്വത്തിന് ഔദ്യോഗികമായി കത്ത് നൽകി പി.വി.അൻവർ. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്നാണ് കത്തിലെ ആവശ്യം. പ്രതിപക്ഷ നേതാവിന് പുറമേ ഘടകകക്ഷി നേതാക്കൾക്കും അൻവർ കത്ത് നൽകി. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗം വിഷയം ചര്‍ച്ച ചെയ്തേക്കും.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സാധ്യതകളും വ്യക്തമാക്കുന്ന പത്ത് പേജുള്ള വിശദമായ കത്താണ് പി.വി.അൻവർ നൽകിയിട്ടുള്ളത്. തൃണമൽ കോൺഗ്രസിനെ യു.ഡി.എഫിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാനുണ്ടായ പശ്ചാത്തലവും തൃണമൂൽ കോണഗ്രസിൽ ചേരാനുണ്ടായ രാഷ്ട്രീയ സാഹചര്യവും ഉൾപ്പെടെ വിശദീകരിക്കുന്നുണ്ട്. യു.ഡി.എഫ് ചെയർമാനായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ, മുസ്ലീ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർക്ക് പുറമേ മറ്റ് ഘടകകക്ഷി നേതാക്കൾക്കും അൻവർ പ്രത്യേകം കത്ത് നൽകി. 

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ 27ന് ആരംഭിക്കുന്ന മലയോര സംരക്ഷണ പ്രചാരണ ജാഥയ്ക്ക് ശേഷമേ ഇനി യു.ഡി.എഫ് നേതൃയോഗം ചേരും. അതിലാണ് കത്ത് വിശദമായ ചർച്ചയ്ക്ക് വിധേയമാവുക. അതേസമയം, സതീശന്റെ ജാഥയ്ക്ക് പിന്തുണ അറിയിച്ച് അൻവറും പങ്കെടുത്തേക്കുമെന്നാണ് വിവരം. അൻവറിന്റെ മുന്നണി പ്രവേശത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാടും പ്രധാനമാണ്. 

ENGLISH SUMMARY:

PV Anwar reiterates interest in cooperating with UDF