കൊല്ലം കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ ആക്രമണം നടത്തുകയും ജീവനക്കാരെ പരുക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിയെ പൊലീസ് പിടികൂടി. കഴിഞ്ഞമാസം മദ്യലഹരിയിലായിരുന്നു പ്രതിയുടെ ആക്രമണം. കടയ്ക്കൽ താലൂക്കാശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍റിനെ ആക്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസില്‍ വർക്കല പുല്ലാഞ്ഞികോട് സ്വദേശി വിനീതിനെയാണ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 24 ന് രാത്രി ഒരുമണിക്കായിരുന്നു കേസിന് ആസ്പദമായ സഭവം നടന്നത്. നിലമേൽ കൈതോടുളള ബന്ധുവീട്ടില്‍ വച്ച് പ്രതി മദ്യലഹരിയില്‍ മറിഞ്ഞുവീഴുകയും ശരീരത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ചികില്‍സയ്ക്ക് വേണ്ടി താലൂക്കാശുപത്രിയില്‍ എത്തിയപ്പോഴാണ് ജീവനക്കാരെ ആക്രമിച്ചത്. മുറിവിൽ ഡ്രസ്സ് ചെയ്യുന്നതില്‍ പ്രകോപിതനായ പ്രതി നഴ്സിങ് അസിസ്റ്റൻറ് ആയ സാബുവിനെ മർദിച്ചു. ബിപി നോക്കുന്ന മെഷീൻ എറിഞ്ഞുടക്കുകയും അവിടെ ഉണ്ടായിരുന്ന ബക്കറ്റുകൾ ചവിട്ടി പൊട്ടിക്കുകയും ചെയ്തു. നഴ്സിംഗ് അസിസ്റ്റന്‍റിന്‍റെ പരാതിയിൽ കേസെടുത്ത കടയ്ക്കൽ പോലീസ് ഒളിവിൽ പോയ പ്രതിയെ അറസ്റ്റു ചെയ്തുകയായിരുന്നു.