പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടിസ്. കോഴിക്കോട് കസബ പൊലീസ് ആണ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്. നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് നോട്ടിസ്. നേരത്തെ കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജയചന്ദ്രന്‍ ഇപ്പോഴും ഒളിവിലാണ്. 

ജൂണ്‍ 8 നാണ് നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ‌ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി‌ ‌ പൊലീസിനു കൈമാറുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തെങ്കിലും അറസ്റ്റോ തുടര്‍നടപടിയോ ഉണ്ടായില്ല. ഇതിനിടയില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ജൂലൈ 12 ന് കോഴിക്കോട് പോക്സോ കോടതി തള്ളി. എന്നിട്ടും അറസ്റ്റ് ചെയ്തില്ല.

അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ നഗരത്തിലെ സുഹൃത്തുക്കളുടെ വിവിധ ഫ്ലാറ്റുകളിൽ പ്രതി ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് അനങ്ങിയില്ല. ഒടുവില്‍ സിഡബ്ല്യുസി ഇടപെട്ടതോടെ പ്രതി മുങ്ങി. പിന്നീട് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടും ഒന്നുമുണ്ടായില്ല. പ്രതി വിദേശത്തേയ്ക്കു രക്ഷപ്പെട്ടില്ലെന്നും സ്ഥിരം താവളങ്ങളായ മൈസൂരു, മൂന്നാർ, എറണാകുളം എന്നിവിടങ്ങളിലെല്ലാം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ലെന്നുമാണ് വിശദീകരണം.

ENGLISH SUMMARY:

Actor Kootikkal Jayachandran faces a Look Out Notice in a POCSO case involving the abuse of a four-year-old girl. His anticipatory bail was denied by the High Court, and he remains absconding.