സ്പിരിറ്റ് ഉല്‍പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നില്‍ കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന ലോബിയാകാമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. യു.ഡി.എഫ്. കാലത്ത് ഡിസ്റ്റിലറികള്‍ തുടങ്ങിയതും ടെന്‍ഡര്‍ ഇല്ലാതെയെന്ന് എം.വി.ഗോവിന്ദന്‍ പാലക്കാട്ട് പറഞ്ഞു. ബ്രൂവറി സ്ഥാപിച്ചതുകൊണ്ട് കഞ്ചിക്കോട്ട് ജലചൂഷമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് പറശ്ശിനിക്കടവ് വിസ്മയപാര്‍ക്കിലെ മഴവെള്ള സംഭരണി. എട്ടുകോടി ലീറ്ററാണ് സംഭരണശേഷി. ഒയാസിസ് കമ്പനിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം വിവാദങ്ങള്‍ക്കിടെ സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. ബ്രൂവറിക്കായി കണ്ടെത്തിയ സ്ഥലവും സമ്മേളന വേദിയായ തത്തമംഗലവും അധിക ദൂരെയല്ല. കടുത്ത ജലക്ഷാമം നേരിടുന്ന ജില്ലയില്‍ ബ്രൂവറിക്ക് അനുമതി നല്‍കേണ്ടിയിരുന്നില്ല എന്ന നിലപാട് സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്. പ്രതിനിധി സമ്മേളനം രാവിലെ പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. നിലവിലെ ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു രണ്ടാംതവണയും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്താനാണ് സാധ്യത. വനിതയെ പരിഗണിച്ചാല്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.സലീഖയ്ക്കും, യുവാക്കളെ പരിഗണിച്ചാല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.ശശിയ്ക്കും സാധ്യത പറയുന്നവരുണ്ട്. മറ്റന്നാള്‍ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.