കൊല്ലം പടപ്പക്കര ഇരട്ടക്കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ അഖിലാണ് പ്രതി. മൂന്നാഴ്ച മുന്‍പാണ് പ്രതിയെ ശ്രീനഗറില്‍ നിന്ന് കുണ്ടറ പൊലീസ് പിടികൂടിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16-നാണ് പടപ്പക്കര സ്വദേശിയായ അഖില്‍ അമ്മ പുഷ്പലതയെയും മുത്തച്ചന്‍ ആന്‍റണിയെയും കൊലപ്പെടുത്തിയത്. കൊലപാതകശേഷം നാടുവിട്ട അഖിലിനെ ഡിസംബര്‍ മുപ്പതിനാണ് ശ്രീനഗറില്‍ നിന്ന് കുണ്ടറ പൊലീസ് പിടികൂടിയത്. കേസില്‍ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസിന് കഴിഞ്ഞു.
മുത്തച്ഛൻ ആന്റണിയെ അഖിൽ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് അമ്മ പുഷ്പലതയെ ഫോൺ വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി,. മരണം ഉറപ്പാക്കാന്‍ ഉളി കൊണ്ട് തലയ്ക്ക് കുത്തുകയും ചെയ്തു. പിന്നീട് തലയിണകൊണ്ട് മുഖത്തമർത്തി. കൊലപാതകശേഷം വൈകീട്ട് ആറുവരെ ടി.വി. കണ്ടിരുന്ന അഖില്‍ നാടുവിട്ടു.
ലഹരി ആവശ്യത്തിന് പണം നല്‍കാത്തതിലുളള വിരോധവും വീട്ടില്‍ വഴക്കുണ്ടാക്കിയ വിവരം പൊലീസില്‍ അറിയിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകശേഷം പ്രതി കൊട്ടിയത്തെ മൊബൈൽ കടയിലെത്തി അമ്മയുടെ ഫോൺ വില്‍ക്കുകയും ഡല്‍ഹിക്ക് പോവുകയുമായിരുന്നു. അമ്മയുടെ എടിഎം കാർഡുപയോഗിച്ച് പണമെടുത്തശേഷം എടിഎം കാർഡ് നശിപ്പിക്കുകയും ചെയ്തിരുന്നു.