വയനാട് തിരുനെല്ലിയില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെതിരെ മജിസ്ട്രേറ്റിന് പരാതിയുമായി അതിജീവിത. പൊലീസ് എഫ്ഐആര്‍ അപൂര്‍ണമെന്ന് അതിജീവിതയുടെ പരാതി. പൊലീസ് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടെന്ന മൊഴി എഫ്ഐആറില്‍ ചേര്‍ത്തില്ലെന്നാണ് പരാതി. പ്രതി 40000 രൂപ അപഹരിച്ചെന്ന് പറഞ്ഞതും എഫ്ഐആറില്‍ ചേര്‍ത്തില്ല.

സംഭവത്തില്‍ പ്രതി തിരുനെല്ലി പുളിമൂട് സ്വദേശി വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശ്വാസത്തിന്റെ മറവിൽ മാനസികാസ്വസ്ഥതയുള്ള യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്തു എന്നായിരുന്നു പരാതി. 2023 ഏപ്രീലിലായിരുന്നു ആദ്യ പീഡനം. വീട്ടിൽ അതിക്രമിച്ചെത്തിയ വർഗീസ് ലൈംഗികമായി പീഡിപ്പിച്ചു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കർണാടകയിൽ നിന്ന് സ്വാമി ജപിച്ചതെന്ന പേരിൽ യുവതിയുടെ ദേഹത്ത് ഒരു ചരട് കെട്ടിയായിരുന്നു ചൂഷണമൊക്കെയും.

പീഡന വിവരം മറ്റൊരാളോട് പറഞ്ഞാൽ മരണം വരെ സംഭവിക്കുമെന്ന് വർഗീസ് യുവതിയോട് പറഞ്ഞു കബളിപ്പിച്ചു. ഒരു വർഷത്തോളം പീഡനം തുടർന്നു. മനുഷ്യാവകാശ പ്രവർത്തകർ ഇടപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരുനെല്ലി കാട്ടിക്കുളത്തു വെച്ചാണ് പ്രതി പിടിയിലായത്. ബലാൽസംഗമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ENGLISH SUMMARY:

The survivor of a sexual assault in Thirunelli, Wayanad, has accused the police of filing an incomplete FIR, omitting key details such as a settlement pressure and theft of ₹40,000 by the accused.