പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ആര്‍ദ്രം മിഷന്‍ ലക്ഷ്യം നിറവേറ്റുന്നില്ലെന്നാണ് വിമര്‍ശനം. ഡോക്ടർമാരുടെ എണ്ണം കുറവെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. സ്പെഷലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കുറവ്. മെഡിക്കല്‍ കോളജില്‍ അക്കാദമിക് പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അസാധാരണ കാലതാമസമാണുള്ളത്. മരുന്നുകള്‍ ആവശ്യത്തിനെത്തിക്കാന്‍ കെ.എം.എസ്.സി.എല്ലിന് കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്. മരുന്നുകളുടെ ഗുണമേൻമ ഉറപ്പാക്കാനും നടപടിയില്ല. ആവശ്യത്തിന് മരുന്നില്ലെന്നപരാതികൾ വ്യാപകമാണ്. മരുന്നു കമ്പനികളിൽ നിന്ന് ഈടാക്കേണ്ട 1.64 കോടി പിഴ കെ.എം.എസ്.സി.എല്‍ ഈടാക്കിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മരുന്നുക്ഷാമത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫിസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.