മലപ്പുറത്ത് പോക്സോ കേസിൽ പരാതി നൽകിയതിന്റെ പേരിൽ ഇരയായ 11 വയസുകാരിയേയും അമ്മയേയും അപകടപ്പെടുത്തുമെന്ന് പ്രതികൾ നിരന്തണം ഭീഷണിപ്പെടുത്തുന്നതായി കുടുംബം മനോരമ ന്യൂസിനോട്. പെൺകുട്ടിയുടേയും അമ്മയുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. പ്രതികളുടെ അറസ്റ്റ് വൈകുന്നതിലും പരാതി ഉയരുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബർ 20ന് പെൺകുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിലാണ് കൽപകഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിലെ പ്രതികളാണന്ന് പെൺകുട്ടി മൊഴി നൽകിയ ഷഫീഖും അർഷദും ചേർന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം. സ്കൂളിൽ നിന്ന് മടങ്ങി പോവുബോൾ തടഞ്ഞു നിർത്തിയാണ് ഭീഷണി. നിലവിൽ നൽകിയ കേസ് പിൻവലിക്കണമെന്നാണ് ആവശ്യം.
പ്രതികൾ എത്തുന്ന കാറിന്റെയും ബൈക്കിന്റെയും നമ്പർ സഹിതമുള്ള വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ടു പോയാൽ വഴിയിലൂടെ നടന്നുപോകുമ്പോൾ വാഹനം ഇടിപ്പിക്കുമെന്നും ഭീഷണിയുണ്ട്. അമ്മയുടെയും മകളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും വെല്ലുവിളിയുണ്ട്. പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം ഡിജിപിക്കും ജില്ലാ പൊലീസ മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.