TOPICS COVERED

സെയ്ഫ് അലി ഖാന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി താരത്തെ ആക്രമിച്ച ബംഗ്ലാദേശി പൗരനെ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെയ്ഫ് അലി ഖാന്‍റെ താരത്തിന്‍റെ വീടാണെന്ന് അറിയാതെയാണ് മോഷണ ശ്രമമെന്നായിരുന്നു ഷരീഫുള്‍ ഫക്കീറിന്‍റെ മൊഴി. അതി ദാരിദ്രമായിരുന്നു പ്രതിയെ മോഷണത്തിന് പ്രരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 

ബംഗ്ലാദേശി പൗരനായ ഷരീഫുള്‍ ഫക്കീര്‍, മേയിലാണ് ഇന്ത്യയിലേക്ക് എത്തുന്നത്. താനെയിലെ റസ്റ്റോറന്‍റില്‍ ഹൗസ് കീപ്പിങ് തൊഴിലാളിയായിരുന്നു അദ്ദേഹം. ജിതേന്ദ്ര പാണ്ഡ്യെ എന്നയാളുടെ കീഴിലുള്ള കരാറിലായിരുന്നു ജോലി. ഡിസംബര്‍ 15 ന് കരാര്‍ അവസാനിച്ചതോടെ ജോലി പോയി. അതോടെ കയ്യില്‍ നയാപൈസയില്ലാതെത അവസ്ഥയായിലായി. 

മേഘാലയിലെ ഇന്ത്യ– ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ദൗക്കി നദി കടന്നാണ് ഷരീഫുള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. അസമിലേക്ക് കടക്കാന്‍ 10,000 രൂപ ഏജന്‍റിന് നല്‍കി. ഇയാളുടെ സഹായത്തോടെയാണ് കൊല്‍ക്കത്തയിലേക്ക് ബസ് കയറിയത്. കൊല്‍ക്കത്തയില്‍ മൂന്ന് ദിവസം താമസിച്ച് മേയില്‍ മുംബൈയിലേക്ക് എത്തിയത് ട്രെയിന്‍ വഴി. 

Also Read: അന്ന് പൈസ വാങ്ങാതെ സെയ്ഫിനെ ആശുപത്രിയിലെത്തിച്ചു; ഇന്ന് ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം പതിനായിരം രൂപ

ഈ ഏജന്‍റ് തന്നെയാണ് ഏജന്‍റാണ് സിം കാര്‍ഡ് ലഭിക്കാന്‍ സഹായിച്ചത്. മൂന്ന് ദിവസം മുംബൈയില്‍ അലക്ഷ്യമായി അലഞ്ഞു. പിന്നീടാണ് വര്‍ളിയിലെ രസ്റ്റോറന്‍റില്‍ ജോലി ലഭിക്കുന്നത്. ഇന്ത്യയിലെത്തിയ ഉടനെ വര്‍ളിയിലായിരുന്നു ആദ്യ ജോലി. മാസത്തില്‍ 13,000 രൂപയായിരുന്നു ശമ്പളം. ഇതില്‍ 12,000 രൂപയും ബംഗ്ലാദേശിലുള്ള അമ്മയുടെ ചികിത്സയ്ക്കായി നാട്ടിലേക്ക് അയക്കണം. 1000 രൂപ മാത്രമാണ് കയ്യില്‍ ലഭിക്കുന്നത്. 

വര്‍ളിയിലെ ജോലിക്കിടെ ആഗസ്റ്റില്‍ മോഷണത്തിന് പിടിക്കപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് സുഹൃത്തുക്കള്‍ വഴി ജിതേന്ദ്ര പാണ്ഡ്യെയുടെ നമ്പര്‍ ലഭിക്കുകയും താനെയില്‍ ജോലി തരപ്പെടുത്തുകയുമായിരുന്നു. 

രണ്ടാമത്തെ ജോലിയും നഷ്ടപ്പെട്ടതോടെയാണ് ഷരീഫുള്‍ മോഷണത്തിലേക്ക് തിരിഞ്ഞത്. ബാന്ദ്രയിലേയും ഖറിലേയും ലക്ഷ്വറി ഏരിയയില്‍‍ ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളില്‍ കറങ്ങി നടന്നു. മോഷണത്തിനായി സ്ക്രൂഡ്രൈവര്‍, മുട്ടി, ബ്ലേഡ് എന്നിവ നേരത്തെ വാങ്ങിവച്ചിരുന്നു. ജോലി ചെയ്തിരുന്ന താനെയിലെ റസ്റ്റോറന്‍റില്‍ നിന്നും മോഷ്ടിച്ച കത്തിയാണ് സെയ്ഫിനെ കുത്താന്‍ ഉപയോഗിച്ചത്. 

ആക്രമണത്തിന് ശേഷം ബാന്ദ്ര–ഖര്‍ മേഖലയില്‍ ഷരീഫുള്‍ ഉണ്ടായിരുന്നു. ദാദറിലേക്ക് ട്രെയിന്‍ കയറുന്നതിന് മുന്‍പ് ഈ മേഖലയിലാണ് പ്രതി ചെലവഴിച്ചത്. കുത്തിയത് പ്രമുഖ നടനെ ആണെന്ന് അറിയില്ലായിരുന്നു എന്നും പൊലീസിന് മൊഴി നല്‍കി. ജിതേന്ദ്ര പാണ്ഡ്യെ നല്‍കിയ വര്‍ളിയിലെ ലൊക്കേഷനും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് പൊലീസ് പ്രതിയെ തിരഞ്ഞത്.

ഷാരൂഖ് ഖാന്‍റെ കടുത്ത ആരാധകനാണെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ഷാരൂഖിനെ കാണാന്‍ ബംഗ്ലാവിന്‍റെ മതിലില്‍ വലിഞ്ഞു കയറിയിട്ടുണ്ടെന്ന് പ്രതിയുടെ മൊഴിയിലുണ്ട്. സുഹൃത്തുക്കളും വീട്ടുകാരും തന്നെ കാണാന്‍ ഷാരൂഖിനെ പോലെയുണ്ടെന്ന് പറഞ്ഞിരുന്നു. അതാണ് മതില്‍ കയറാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 

സെയ്ഫ് അലി ഖാന്‍റെ വീട്ടില്‍ സ്റ്റാഫ് നഴ്സ് ഏലിയാമ്മ ഫിലിപ്പിനോട് പ്രതി ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഒരു കോടി രൂപയെന്നാല്‍ രണ്ടോ മൂന്നോ കെട്ട് നോട്ടുകളാണെന്നാണ് പ്രതി കരുതിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

A Bangladeshi citizen, Shariful Fakir, was arrested after attempting to rob and assault actor Saif Ali Khan at his residence, unaware of the identity of the house owner. Fakir, struggling with poverty, entered India illegally, took up several jobs, and resorted to theft after losing his second job. He used a knife stolen from a restaurant where he worked to attack the actor in a luxury area of Mumbai during the New Year's period.