ചേന്ദമംഗലം കൂട്ടക്കൊലയിൽ പ്രതി ഋതു ജയനുമായി രാവിലെ പൊലീസിന്‍റെ തെളിവെടുപ്പ്. നാട്ടുകാരുടെ പ്രതിഷേധം മുന്നിൽകണ്ട് മിനിറ്റുകൾക്കുള്ളിൽ പൊലീസ് നടപടികൾ പൂർത്തിയാക്കി. ഒരു പശ്ചാത്താപവുമില്ലാതെ ആക്രമണം നടത്തിയ രീതീ ഋതു വിശദീകരിച്ചു.
നാട്ടുകാരുടെ പ്രതിഷേധം ആവർത്തിക്കുമോ എന്ന് ഭയന്ന് രാവിലേ ഏഴരയോടെ തന്നെ ഋതുവുമായി പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി. പത്തു മിനിറ്റിനുള്ളിൽ പ്രതിയെ ചേന്ദമംഗലത്തെ വീട്ടിൽ എത്തിച്ചു. പ്രദേശത്തു നാട്ടുകാർ കൂടുന്നതിന് മുൻപ് പൊലീസ് നടപടികൾ വേഗത്തിലാക്കി. ചേന്ദമംഗലത്തെ കൂട്ടക്കൊല നടന്ന വീട്ടിൽ അഞ്ച് മിനിറ്റിൽ താഴെ സമയം മാത്രമാണ് പ്രതിയുമായി പൊലീസ് ഉണ്ടായിരുന്നത്.
തെല്ലും പശ്ചാത്താപമില്ലാതെ ക്രൂരകൃത്യം നടന്ന വീട്ടിലേക്ക് കൈവിലങ്ങ് അണിഞ്ഞ ഋതു ജയൻ കയറി. നാട്ടുകാർ അടിച്ചു തകർത്ത പ്രതിയുടെ വീട്ടിലും തെളിവെടുപ്പിനായി എത്തിച്ചു. നേരത്തെ കോടതിയിൽ ഋതുവിന് നേരെ ഉണ്ടായ പ്രതിഷേധം മുന്നിൽ കണ്ടാണ് പൊലീസ് അതിരാവിലെ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ചികിത്സയിലുള്ള ജിതിൻ ജീവനോടെ ഉണ്ടെന്നറിഞ്ഞ ഋതു പോലീസിനോട് നിരാശ പ്രകടിപ്പിച്ചു.
കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഋതു സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കേസിലെ മുഴുവൻ തെളിവുകളും അന്വഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വഷണ ഉദ്യോഗസ്ഥനായ മുനമ്പം ഡിവൈഎസ്പി പറഞ്ഞു. ചികിത്സയിലുള്ള ജിതിന്‍റെ ആരോഗ്യനില മെച്ചപ്പെടുന്നത് അനുസരിച്ചു പൊലീസ് മൊഴിയെടുക്കും. ആക്രമണം നേരില്‍ കണ്ട ജിതിന്‍റെ ഏഴും ഒന്‍പതും വയസുള്ള കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പ്രതി റിതുവിന്‍റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.