വെടിവച്ച് കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയുടെ മാംസമെടുത്തയാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം. വ്യാപക കൃഷിനാശത്തെ തുടർന്ന് നിമയപ്രകാരം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദ്ദേശത്തേ തുടര്‍ന്ന് വെടിവച്ച് കൊന്ന് കുഴിച്ചിട്ട കാട്ടുപന്നിയുടെ മാംസമാണ് കുഴി തോണ്ടി പുറത്തെടുത്തത്. വിളക്കുപാറ കമ്പകത്തടം മഞ്ജു ഭവനത്തിൽ ജിബിൻ ജോസഫാണ് (43) പിടിയിലായത്.
അഞ്ചൽ ആയിരനല്ലൂർ ഭാഗത്ത് പന്നിശല്യം വ്യാപകമാണ്. കൃഷി നശിപ്പിച്ച കാട്ടുപന്നിയെ ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ടോടെ വെട്ടിവച്ച് കൊല്ലുകയായിരുന്നു. തുടർന്ന് കുഴിച്ചിട്ടു. ആളൊഴിഞ്ഞ തക്കത്തിന്, ജിബിൻ ജോസഫും സംഘവും കുഴിതോണ്ടി പന്നിയുടെ മാംസം പുറത്തെടുക്കുകയായിരുന്നു. ശേഷം മാംസം ഒഴികെയുള്ള മറ്റ് അവശിഷ്ടങ്ങൾ ആ കുഴിയിലിട്ട് തന്നെ മൂടി.
കുഴി തോണ്ടുന്നത് കണ്ട സമീപവാസികളിലാരോ വനംവകുപ്പിനെ വിവരം അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ അഞ്ചൽ ഗ്രേഡ് റേഞ്ച് ഓഫീസർ അജയകുമാരിന്‍റെ നേതൃത്വത്തിലുള്ള സംഘം ജിബിൻ ജോസഫിന്റെ വീട്ടിൽ പരിശോധന നടത്തി. ഇവിടെ നിന്ന് കാട്ടുപന്നിയുടെ ഇറച്ചി കൈയ്യോടെ പിടികൂടുകയായിരുന്നു.
കാട്ടുപന്നിയെ മറവ് ചെയ്തത് ജിബിൻ ജോസഫിന്‍റെ നേതൃത്വത്തിൽ തന്നെയായിരുന്നു. പഞ്ചായത്ത് അധികൃതർ കുഴിയിൽ ഒഴിക്കാൻ ഡീസൽ നൽകിയിരുന്നെങ്കിലും ഉപയോഗിച്ചിരുന്നില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.