പെയിന്റ് പാട്ടകളിൽ ഒളിപ്പിച്ചു കടത്തിയ 50 കിലോയിൽ അധികം കഞ്ചാവ് പിടികൂടി ഡാൻസാഫ് സംഘം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കൊൽക്കത്ത സ്വദേശി പിടിയിലായത്. നോർത്ത് റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയും പിടികൂടി.
ലഹരിമരുന്ന് പിടികൂടാനുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എറണാകുളം സൗത്തിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധന. പട്ന-എറണാകുളം ട്രെയിനിൽ വന്നിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതിനിടയിലാണ് രണ്ടു വലിയ പെയിന്റ് പാട്ടകളുമായി കൊൽക്കത്ത സ്വദേശിയുടെ വരവ്. പോലീസിനെ കണ്ടതും വെപ്രാളമായി. കൈവശമുള്ളത് പെയിന്റ് ആണെന്ന് പറഞ്ഞെങ്കിലും പോലീസ് പിന്മാറിയില്ല.
ഒടുവിൽ സ്ക്രൂഡ്രൈവറുകൊണ്ട് പാട്ടകളുടെ അടപ്പു തുറന്നതും ഒളിപ്പിച്ചുവെച്ച കഞ്ചാവ് പുറത്തേക്ക്. 50 കിലോയിൽ അധികം തൂക്കം വരും. പോലീസ് എത്തുന്നതിനു മുൻപ് ഒരു പെയിന്റ് പാട്ടയുമായി രക്ഷപ്പെട്ട കൂട്ടാളിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.