പത്തനംതിട്ടയിൽ 16 വയസ്സുകാരിയെ മദ്യം നൽകി മയക്കി ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി അഭിഭാഷകനെതിരെ കേസെടുത്ത് ഒരു മാസമായിട്ടും പിടികൂടാൻ ആയില്ല. രണ്ടാംപ്രതിയും പെൺകുട്ടിയുടെ ബന്ധുവുമായ സ്ത്രീ ഒരു മാസം മുൻപ് അറസ്റ്റിലായിരുന്നു. വിമാനത്താവളങ്ങളിൽ അടക്കം അറിയിപ്പ് കൊടുത്തിട്ടുണ്ടെന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആറന്മുള പൊലീസ് പറഞ്ഞു.
പത്തനംതിട്ട സ്വദേശിയായ നൗഷാദ് എന്ന അഭിഭാഷകനാണ് ഒന്നാംപ്രതി . 16 വയസ്സുകാരിയെ മദ്യം കൊടുത്തു മയക്കി ലൈംഗിക വൈകൃതത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി എന്നാണ് കേസ്. 2023 ജൂൺ 10ന് കോഴഞ്ചേരിയിലെ ബാർ ഹോട്ടലിൽ ആയിരുന്നു ആദ്യ പീഡനം . കഴിഞ്ഞ വർഷം ജൂൺ വരെ പീഡനം തുടർന്നു. പലവട്ടം രക്തസ്രാവം ഉണ്ടായി എന്നും പരാതിയുണ്ട്. പെൺകുട്ടിയുടെ പിതാവിന്റെ സഹോദരിയായ രണ്ടാംപ്രതി കഴിഞ്ഞ മാസം 24 ാം തീയതി അറസ്റ്റിലായിരുന്നു. മുഖ്യ പ്രതിയെ ഇതുവരെ പൊലീസിന് കണ്ടെത്താനായില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ പരിശോധന നടത്തിയെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കും. പ്രതി നൗഷാദിന്റെ ലൈംഗിക വൈകൃതങ്ങൾക്ക് ബന്ധുവും കൂട്ടുനിൽക്കുകയും പ്രതിഫലം വാങ്ങിയതായും വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. അച്ഛന്റേയും അമ്മയുടെയും വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് അഭിഭാഷകനുമായി പെൺകുട്ടി പരിചയപ്പെടുന്നത്. വൻ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള പ്രതിയെ പിടികൂടാൻ പൊലീസ് മടിക്കുന്നുവെന്നും ആരോപണമുണ്ട്.