സിഗരറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് കടയുടമയെ ക്രൂരമായി മര്‍ദിച്ച് ആറംഗ സംഘം. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. ക്രൂരമായി മര്‍ദിച്ച ശേഷം കടയില്‍ നിന്ന് ഫോണും 45,000 രൂപയും എടുത്ത് അക്രമികള്‍ കടന്നുകളഞ്ഞുവെന്ന് കടയുടമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ജനുവരി 22 ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ഭാര്യയ്ക്കും മകനുമൊപ്പം കടയില്‍ ഇരിക്കുന്ന സമയം ഒരാള്‍ കടയിലേക്ക് വന്ന് സിഗരറ്റ് ആവശ്യപ്പെട്ടു. കടയില്‍ സിഗരറ്റ് വില്‍പ്പനയില്ലെന്ന് പറഞ്ഞതിനു പിന്നാലെ മോശമായ രീതിയില്‍ യുവാവ് സംസാരിക്കാന്‍ തുടങ്ങി. യുവാവ് മദ്യപിച്ചിരുന്നതായും കടയുടമ പറയുന്നു.
സംസാരം പിന്നീട് തര്‍ക്കത്തിലേക്കെത്തുകയും പിന്നാലെ ഇന്നോവ ക്രിസ്റ്റ കാറില്‍ എത്തിയ ആറംഗ സംഘം വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യയെയും മകനെയും അക്രമികള്‍ ഉപദ്രവിച്ചു. അലറി വിളിച്ചപ്പോള്‍ അക്രമികള്‍ കടയില്‍ നിന്ന് 45,000 രൂപ എടുക്കുകയും മകന്‍റെ മൊബൈല്‍ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അക്രമികള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
സംഭവത്തിന് പിന്നാലെ കടയുടമ നരേന്ദ്ര സിങും കുടുംബവും ആശുപത്രിയില്‍ ചികിത്സ തേടി. നിലവില്‍ ഭാരതീയ ന്യായ സംഹിതയിലെ 115 (2), 126 (2), 304, 351(2), 191(30), 190 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.