സേലത്ത് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയവിവാഹം കഴിച്ച യുവതിയെ കടത്തിക്കൊണ്ടുപോയി ബന്ധുക്കള്‍. ഇന്നലെ എടപ്പാടിയിലുള്ള യുവതിയുടെ ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയാണ് തട്ടിക്കൊണ്ടുപോയത്. യുവതിയെ പൊലീസ് രക്ഷപ്പെടുത്തി.
എടപ്പാടിക്കടുത്ത് ചെട്ടിമാങ്കുറിച്ചി സ്വദേശിയാണ് 25കാരനായ ധനുഷ് കണ്ടന്‍. ഹൊസൂരിലുള്ള സ്വകാര്യ കമ്പനിയിലാണ് ധനുഷ് ജോലി ചെയ്യുന്നത്. ഇതിനിടെയാണ് ധര്‍മപുരിയിലുള്ള 22കാരിയായ രോഷിണിയുമായി ഇയാള്‍ പ്രണയത്തിലായത്. പ്രണയത്തെ കുറിച്ചറിഞ്ഞ രോഷിണിയുടെ മാതാപിതാക്കള്‍ ബന്ധത്തെ എതിര്‍ത്തു. ജാതിയായിരുന്നു വില്ലന്‍. ആറുമാസം മുന്‍പ് രോഷിണിയും ധനുഷും ഒളിച്ചോടി വിവാഹം കഴിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് രോഷിണിയുടെ ബന്ധുക്കളായ 5 പേര്‍ കത്തിയും വടിവാളുമെല്ലാമായി ധനുഷിന്‍റെ വീട്ടിലെത്തി രോഷിണിയെ കാറില്‍ കടത്തുകയായിരുന്നു.
രക്ഷപ്പെടുത്താനെത്തിയ അയല്‍ക്കാരടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ എടപ്പാടി പൊലീസില്‍ വിവരമറിയിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ ഇന്ന് കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കളെ പൊലീസ് ചോദ്യംചെയ്തു വരുകയാണ്.