ഡിജിറ്റൽ അറസ്റ്റിലൂടെ കാഞ്ഞിരപ്പള്ളിയിൽ പെയിന്റിങ് തൊഴിലാളിയായ യുവാവിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടി.. കുടുംബശ്രീയിൽ നിന്ന് അനുവദിച്ചു കിട്ടിയ ലോൺ തുകയാണ് സംഘം തട്ടിയെടുത്തത്.. ഡൽഹി പൊലീസ് എന്നുപറഞ്ഞ് വിളിച്ച സംഘം സുപ്രീംകോടതിയുടെ പേരിലുള്ള ഉത്തരവ് കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്
ഒരോ ഫോൺകോൾ വിളിക്കുമ്പോഴും സൈബർ കുറ്റകൃത്യങ്ങളിൽ വീണുപോകരുതെന്ന സന്ദേശമാണ് ലഭിക്കുന്നതങ്കിലും സൈബർ കുറ്റവാളികളുടെ ചതിക്കുഴികളിൽ വീഴുന്നവർ കൂടുന്നുവെന്ന കണക്കുകൾ തന്നെയാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ലഭ്യമാകുന്നത്. കാഞ്ഞിരപ്പളളി കൂറുവാമുഴി സ്വദേശി അജോ വർഗീസിന് നഷ്ടമായത് ഒരു ലക്ഷം രൂപയാണ്. പ്രളയത്തിൽ വീട് നഷ്ടമായ അജോയ്ക്ക് വീട് നിർമ്മാണത്തിനായി സർക്കാരിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.. വീട് നിർമ്മാണം പൂർത്തിയാക്കുന്നതിനായി കുടുംബശ്രീയിൽ നിന്നെടുത്ത ഒരുലക്ഷം രൂപയും അക്കൗണ്ടിൽ സൂക്ഷിച്ചിരുന്നു.. ഈ ഒരു ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കവർന്നത്..
മറ്റൊരാൾ ഡൽഹിയിലെ ബാങ്കിൽ അജോയുടെ പേരിൽ അക്കൗണ്ട് തുടങ്ങി രണ്ടരക്കോടി തട്ടിയെന്നും ഇതിൽ 25 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞായിരുന്നു വ്യാജ ഡൽഹി പൊലീസിന്റെ ഫോൺകോൾ. അറസ്റ്റിനായുള്ള സുപ്രീംകോടതി ഉത്തരവും വ്യാജന്മാർ അയച്ചു നൽകി.. മകളെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണി പെടുത്തിയതായും ഇതോടെയാണ് പണം കൈമാറിയെതെന്നും അജോ പറയുന്നു. പണം വീണ്ടെടുക്കാനുള്ള ശ്രമം സൈബർ സെല്ലിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇന്ത്യയിലെ ഒരു പൊലീസ് സംവിധാനവും ഡിജിറ്റലായി അറസ്റ്റ് നടത്തില്ല. അത്തരത്തിലുള്ള ഫോൺ കോളുകൾ വന്നാൽ 1930 എന്ന നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിളിക്കുക