ഓസിന് കിട്ടിയാല്‍ ആസിഡും കുടിക്കുന്ന മലയാളി എന്ന് പലപ്പോഴും കളിയാക്കി പറയാറുണ്ട്. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇന്നലെ കോട്ടയത്ത് കണ്ടത് . ഇന്നലെ പുലർച്ചെയാണ് എസ്.എച്ച് മൗണ്ടിൽ ഇറച്ചിക്കോഴികളുമായി എത്തിയ ലോറി മറിഞ്ഞത്. വിവരം നിമിഷ നേരം കൊണ്ട് കാട്ടുതീ പോലെ പടർന്നു. മണിക്കൂറുകൾക്കുള്ളിൽ ആളുകൾ കൂടി. കൈയിലും ചാക്കിലും വണ്ടികളിലുമൊക്കെയായി കോഴിയെ വാരിക്കൂട്ടി. മീന്‍ ചാകര പോലെ കോഴിചാകര എന്ന് പറഞ്ഞ് തുള്ളി ചാടിയവരും ധാരാളം.
മൂവാറ്റുപുഴയിലെ സ്വകാര്യ ചിക്കൻ സെന്റററിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി കോട്ടയം നാഗമ്പടത്ത് വച്ച് മറിയുകയായിരുന്നു. 1700ഓളം ഇറച്ചിക്കോഴികളാണ് ലോറിയിലുണ്ടായിരുന്നത്. വാഹനം മറിഞ്ഞതോടെ കോഴികൾ നിരത്തിലേക്ക് പതിക്കുകയും ആയിരത്തോളം എണ്ണം ചത്തുപോവുകയും ചെയ്തു. ഡ്രൈവറും രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
റോഡിലേക്ക് തെറിച്ചുവീണ കോഴികളിൽ ഏകദേശം അഞ്ഞൂറെണ്ണത്തിന് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. ഇവയെ ലോറിക്കാർ കൊണ്ടുപോയപ്പോൾ ചത്ത കോഴികൾ അവിടെ കിടന്നു. അപകടവിവരമറിഞ്ഞ് എത്തിയ നാട്ടുകാരും വഴിപോക്കരും മടിച്ചുനിൽക്കാതെ കോഴികളെ വാരിക്കൂട്ടി. ചിലർ കൈകളിൽ തൂക്കിയെടുത്ത് പോയപ്പോൾ മറ്റ് ചിലർ കാറിന്റെ ഡിക്കിയിൽ നിറച്ചു. ഏതായാലും ഇനി രണ്ടാഴ്ച വീട്ടില്‍ ചിക്കന്‍ തന്നെയാവും.