TOPICS COVERED

കാസർകോട് കുമ്പള ആരിക്കാടി കോട്ടയിൽ നിധി തേടിയെത്തിയ 5 അംഗ സംഘം പിടിയിൽ. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറും  സംഘവുമാണ്  പിടിയിലായത്. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ മുജീബ് കമ്പാർ, പാലക്കുന്ന് സ്വദേശി സി.എ.അജാസ്, മൊഗ്രാൽ പുത്തൂർ സ്വദേശി കെ.എ.അഫർ, ഉളിയാർ സ്വദേശി മുഹമ്മദ് ഫിറോസ്, നീലേശ്വരം സ്വദേശി സഹദുദീൻ എന്നിവരാണ് പിടിയിലായത്. ഇന്ന് വൈകിട്ടാണ് മുജീബും സംഘവും പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കുമ്പള ആരിക്കാടി കോട്ടയിൽ നിധി തേടി എത്തിയത്. കോട്ടയ്ക്കകത്തെ കിണറിനുള്ളിലാണ് കുഴിച്ചത്. 

കോട്ടയ്ക്കകത്തുനിന്നും ശബ്ദം കേട്ട് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബിന്റെ നിർദേശ പ്രകാരമാണ് തങ്ങൾ എത്തിയതെന്നാണ് പിടിയിലായ യുവാക്കളുടെ മൊഴി. കണ്ണൂരിൽ കുടുബശ്രീ പ്രവർത്തകർക്ക് ലഭിച്ചതുപോലെ നിധി കിണറിനുള്ളിലുണ്ടെന്ന് പ്രലോഭിപ്പിച്ചാണ് യുവാക്കളെ കോട്ടയിലെത്തിച്ചത്. നിധി കിട്ടിയാൽ എല്ലാവർക്കും തുല്യമായി പങ്കിടാമെന്നായിരുന്നു വാഗ്ദാനം.