പഞ്ചാരക്കൊല്ലിയില്‍ ചത്ത കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കൊല്ലപ്പെട്ട രാധയുടെ മുടി, കമ്മല്‍, വസ്ത്രാവശിഷ്ടം എന്നിവ കടുവയുടെ വയറ്റില്‍ കണ്ടെത്തി. കഴുത്തിലേറ്റ നാല് മുറിവുകളാണ് കടുവയുടെ മരണകാരണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് കൃഷ്ണന്‍ പറഞ്ഞു. മുറിവിനൊപ്പം കടുവയുടെ നട്ടെല്ലും തകര്‍ന്നു.
ആന്തരിക അവയവങ്ങളിലെ പരിശോധനയില്‍ പല രോഗങ്ങളുമുണ്ടെന്ന് കണ്ടെത്തി. ഇന്നലെ ആര്‍ആര്‍ടി സംഘത്തെ ആക്രമിച്ചശേഷം കടുവ കാടുകയറി. അവിടെവച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയെന്ന് പ്രമോദ് കൃഷ്ണന്‍ പറഞ്ഞു. കടുവയ്ക്ക് അഞ്ചുമുതല്‍ ഏഴുവയസുവരെ പ്രായമെന്നാണ് നിഗമനം. പ്രസവിച്ചിട്ടില്ല.
മൂന്നുനാള്‍ പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച കടുവയെ കണ്‍മുന്നില്‍ കിട്ടിയാല്‍ വെടിവച്ച് കൊല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നു വനംവകുപ്പ് സംഘം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പിലാക്കാവില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. കടുവയെ രാത്രി വെടിവയ്ക്കുന്നത് സുരക്ഷിതമാകില്ലെന്ന വിലയരുത്തലില്‍ ആ പ്രദേശം വളഞ്ഞ് പുലര്‍ച്ചെവരെ കാത്തിരുന്നു . എന്നാല്‍ ഏഴരയോടെ കടുവയുടെ ജഡം പിലാക്കാവിലെ ജോർജിന്‍റെ വീടിന് സമീപം കണ്ടെത്തി. കഴുത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് അപ്പോഴേ ഉറപ്പിച്ചിരുന്നു. കഴുത്തിലേറ്റ മുറിവുകള്‍ പലതും പഴക്കമുള്ളതുമാണ്.
കടുവയെ പിടിക്കാത്തതിൽ വനം വകുപ്പിന് എതിരെ പ്രതിഷേധ ചൂട് ഉയർത്തിയ, പഞ്ചാരക്കൊല്ലിക്കാർ ഒടുവിൽ അവർക്ക് കൈയ്യടിച്ചു, മധുരം നൽകി സന്തോഷം പങ്കിട്ടു.