പാലക്കാട് നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് പോത്തുണ്ടി സ്വദേശി സുധാകരന്‍(58), അമ്മ ലക്ഷ്മി(76) എന്നിവരാണ്. കൊലയ്ക്കുശേഷം രക്ഷപെട്ട പ്രതി ചെന്താമരയാക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. സുധാകരന്‍റെ ഭാര്യയെ ചെന്താമര 2019ല്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയത് മുന്‍ കൊലക്കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ്.
തിങ്കളാഴ്ച രാവിലെ 10 മണിക്കാണു കൊലപാതകം നടന്നത്. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര ജയിലിലായിരുന്നു. 2019ലാണു പ്രതി സജിതയെ കൊലപ്പെടുത്തിയത്. ഒന്നര മാസം മുൻപാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. തുടർന്നു സുധാകരനെയും മീനാക്ഷിയെയും കൊല്ലുമെന്നു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങൾക്കു വധഭീഷണിയുള്ളതായി ഇവർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നു യാതൊരു സംരക്ഷണവും ലഭിച്ചിരുന്നില്ലെന്നു പ്രദേശവാസികൾ പറഞ്ഞു.
പൊലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായെന്നു ചൂണ്ടിക്കാട്ടി ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിയ പൊലീസിനെ നാട്ടുകാർ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി.