നെന്മാറ ഇരട്ടക്കൊല നടത്തിയത് മുന്‍കൂട്ടിയുള്ള ആസൂത്രണത്തോടെ എന്നതിന് തെളിവുകള്‍ പുറത്ത്. രണ്ടുപേരെ തട്ടാനുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ സുഹൃത്തിനോട് ചെന്താമര പറഞ്ഞിരുന്നു. എസ്റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനായി ചെന്താമര തിരുവമ്പാടിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന മണികണ്ഠനോടാണ് അയല്‍വാസികളോടുള്ള കടുത്ത വിരോധം ചെന്താമര പ്രകടിപ്പിച്ചത്. രണ്ടുപേരെ കൊന്നശേഷമേ മരിക്കൂവെന്ന് ചെന്താമര പറഞ്ഞിരുന്നതായി സുഹൃത്ത് മണികണ്ഠന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ആര് പറഞ്ഞാലും കേള്‍ക്കുന്ന സ്വഭാവക്കാരനല്ല ചെന്താമരയെന്നും ഒരു കൈയബദ്ധം പറ്റി, ഇനി വേണോ എന്ന് അന്ന് ചോദിച്ചെന്നും മണികണ്ഠന്‍ പറഞ്ഞു.
ചെന്താമര ഉപയോഗിച്ചിരുന്ന സിം ഉപയോഗിക്കുന്നത് സുഹൃത്ത് മണികണ്ഠന്‍. തിരുവമ്പാടിയിലെ എസ്റ്റേറ്റിലെ സുരക്ഷാജീവനക്കാരനാണ് മണികണ്ഠന്‍. ചെന്താമര മണികണ്ഠനൊപ്പം എസ്റ്റേറ്റില്‍ ജോലിചെയ്തിരുന്നു. ജോലിവിട്ടുപോയപ്പോള്‍ സിം ഉള്‍പ്പെടെ മൊബൈല്‍ മണികണ്ഠന് നല്‍കി. ചെന്താമരയുടെ സിം തിരുവമ്പാടിയില്‍ ഒാണ്‍ ആയപ്പോള്‍ പൊലീസ് എത്തിയിരുന്നു. പൊലീസിനോട് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്ന് മണികണ്ഠന്‍ മനോരമ ന്യൂസിനോട്
അതേസമയം, പാലക്കാട് നെന്മാറയിൽ ഇന്നലെ അതിക്രൂരമായ ഇരട്ടക്കൊലപാതകം നടത്തി നാടിന്റെ പേടി സ്വപ്നമായിമാറിയ പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ഇയാൾ ആത്മഹത്യ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായും പലക്കാട് എസ്പി അജിത് കുമാർ പറഞ്ഞു. ചെന്താമര തിരുപ്പൂരിൽ ഇല്ലെന്ന് ഉറപ്പിച്ചു. നെല്ലിയാമ്പതി മലയിൽ തിരച്ചിൽ തുടരും.
അപകടരമായ മാനസിക നിലയുള്ള കൊടുംകുറ്റവാളിയുടെ ആയുധമുനയിലാണ് നെന്മാറ. നാട്ടുകാർ രാവുംപകലും ഭയത്തിൽ. അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒളിവിൽപ്പോയ ചെന്താമരയെക്കുറിച്ച് ഒരു ദിവസം പിന്നിട്ടിട്ടും ഒരു തുമ്പുമില്ല. നെല്ലിയാമ്പതി കാടിന് സമീപത്തും പാലക്കാട് ഉണ്ടെന്ന അഭ്യൂഹത്തിൽ നഗരത്തിലും കോട്ടമൈതാനത്തും തിരഞ്ഞു.
ആത്മഹത്യ ചെയ്തോ എന്ന സംശയത്തിൽ ജലാശയങ്ങളിൽ അഗ്നിരക്ഷാസേന പരിശോധിച്ചു. കെഡാവർ നായയെ ഉപയോഗിച്ച് തിരച്ചിൽ നടത്തും. മൊബൈൽ സിഡിആർ പരിശോധിച്ച് വിവിധയിടങ്ങളിൽ പരിശോധന നടത്തുമെന്ന് പൊലീസ്.
പ്രതിയെക്കുറിച്ച് ഇതുവരെ ലഭിച്ച സൂചനകൾ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ്. നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത് നെന്മാറയിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. ചെന്താമരയുടെ ഫോൺ കോഴിക്കോട് തിരുവമ്പാടിയിൽവച്ച് ആക്ടീവ് ആയതായി സൂചനയുണ്ട്. തിരുപ്പൂരിൽ എത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു.
കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചെന്താമര ലക്ഷ്മിയെയും സുധാകരനെയും ആക്രമിച്ചതെന്നും ഇരുവരുടെയും ശരീരത്തിൽ ആഴമേറിയ മുറിവുകളുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. അതിനിടെ പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായി.