നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പിടികൂടാനാകാതെ പൊലീസ്. തിരച്ചിലിന് കൂടുതല്‍ പൊലീസുകാരടങ്ങിയ സംഘത്തെ നിയോഗിച്ചു. സഹായത്തിന് നാട്ടുകാരുമുണ്ട്. 2019ല്‍ സജിതയെ കൊന്നശേഷം ഒളിവിലിരുന്ന തിരുപ്പൂരില്‍ ചെന്താമരയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പരിസരത്തെ കുളങ്ങളും കിണറുകളും പരിശോധിച്ചു. ചെന്താമര പുഷ്പ എന്ന സ്ത്രീയേയും കൊല്ലാന്‍ ശ്രമിച്ചിരുന്നെന്ന് അയല്‍വാസി ശിവരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  ALSO READ: ചെന്താമര പുറത്തിറങ്ങുക രാത്രിയില്‍, ആക്രമണം ഭയന്ന് നാട്ടുകാര്‍; പിടികൂടാനാകാതെ പൊലീസ്

ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ചെന്താമര സ്വന്തം വീട്ടില്‍ താമസിച്ചത് . നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് ജാമ്യ ഉത്തരവിലുണ്ട്. അതവഗണിച്ചാണ് പ്രതി സ്വന്തംവീട്ടില്‍ കഴിഞ്ഞത്. ചെന്താമര കൊലവിളി മുഴക്കിയിട്ടും കേസെടുക്കാത്തത് പൊലീസിന്‍റെ  ഗുരുതരവീഴ്ചയാണ്. ഇക്കാര്യം ലോക്കല്‍ പൊലീസിനെതിരായ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും 

ചെന്താമരയുടെ വീട്ടിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച വടിവാൾ കണ്ടെടുത്തു. വടിവാളിന്‍റെ അറ്റത്ത് കമ്പ് വെച്ചുകെട്ടി സുധാകരനെ വെട്ടി വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുധാകരന്‍റെ അമ്മ ലക്ഷ്മിയെയും പ്രതി വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഓടി മറയുകയായിരുന്നു. ചെന്താമരയുടെ വീട്ടിൽനിന്ന് ഒഴിഞ്ഞ വിഷക്കുപ്പിയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്തിയ ശേഷം പ്രതി ഓടി പോയത് സഹോദരന്‍റെ വീട്ടിലേക്കാണ്. രാധയുടെ വീട്ടിലെത്തി കുളിച്ച ശേഷമാണ് പ്രതി ഒളിവിൽ പോയത്. ചോദ്യം ചെയ്യലിനായി ചെന്താമരയുടെ രാധയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

ചെന്താമര കടുത്ത അന്ധവിശ്വാസങ്ങള്‍ക്ക് അടിമയാണെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ലഭിക്കുന്ന പണത്തില്‍ ഏറെയും ഉപയോഗിക്കുന്നത് മന്ത്രവാദത്തിനാണ്. എതിര്‍വീട്ടിലെ നീണ്ട മുടിയുള്ള സ്ത്രീയാണ് കുടുംബകലഹത്തിന് കാരണമെന്ന് ജ്യോത്സ്യന്‍ അയാളോടു പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് 2019ല്‍ സജിതയെ കൊന്നതെന്ന് അമ്മാവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

സ്വന്തം വീട്ടില്‍ കിടക്കാന്‍ പേടിയെന്നും സഹോദരന്‍റെ വീട്ടിലാണ് കഴിഞ്ഞതെന്നും ബന്ധു വെളിപ്പെടുത്തി. പൊലീസുകാര്‍ക്കുള്‍പ്പെടെ ചെന്താമരയെ പേടിയെന്ന് നാട്ടുകാര്‍ പറയുന്നു. 

അഞ്ചുവര്‍ഷം മുന്‍പ് വീട്ടമ്മയെ കൊന്ന പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയാണ് വീട്ടമ്മയുടെ ഭര്‍ത്താവിനെയും അമ്മയെയും വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറ പോത്തുണ്ടിയിലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍. 2019ല്‍ കൊല്ലപ്പെട്ട സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, സുധാകരന്‍റെ അമ്മ ലക്ഷ്മി എന്നിവരാണ് അയല്‍വാസിയായ ചെന്താമരയുടെ വെട്ടുകത്തിക്ക് ഇരയായത്.  

ഇന്നലെ രാവിലെ പത്തുമണിയോടെ സുധാകരന്‍ വീട്ടില്‍നിന്ന് ബൈക്കില്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ആക്രമണം. നിലവിളി കേട്ടെത്തിയ അമ്മ ലക്ഷ്മിക്കും വെട്ടേറ്റു. സുധാകരന്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2019ലാണ് സുധാകരന്‍റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജയിലിലായിരുന്ന പ്രതി ഒന്നരമാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. തന്‍റെ കുടുംബജീവിതം തകരാന്‍ കാരണം സുധാകരന്‍റെ കുടുംബമെന്ന് ആരോപിച്ചാണ് സജിതയെ ചെന്താമര വെട്ടിക്കൊന്നത്. അതേ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിലേക്കും നയിച്ചത്.

ENGLISH SUMMARY:

'Chenthamara tried to kill another woman'; Confirmed that accuse is not in Tiruppur