Untitled design - 1

അന്ധവിശ്വാസത്തിനടിമയായ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ആക്രമണം ഭയന്ന് നാട്ടുകാര്‍. ചെന്താമര പകല്‍ പുറത്തിറങ്ങാറില്ലെന്നും, രാത്രിയാണ് സഞ്ചാരമെന്നും നാട്ടുകാര്‍ പറയുന്നു. പൊലീസുകാര്‍ക്കുപോലും ചെന്താമരയെ ഭയമാണെന്നാണ് അയല്‍വാസികളുടെ വാക്കുകള്‍. ജാമ്യത്തിലിറങ്ങി അരുംകൊലകള്‍ നടത്തിയ ചെന്താമര പൊന്തക്കാട്ടിലെവിടെയെങ്കിലും പതിയിരിപ്പുണ്ടോ എന്ന ഭയപ്പാടിലാണ് തങ്ങളെന്ന് സമീപവാസികള്‍ പറയുന്നു.

അപകടകരമായ മാനസികാവസ്ഥയില്‍ കഴിയുന്ന ചെന്താമര എവിടെയാണെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. ചെന്താമര കിട്ടുന്ന പണത്തില്‍ പകുതിയും ഉപയോഗിക്കുന്നത് മന്ത്രവാദത്തിനാണ്. നീണ്ട മുടിയുള്ള സ്ത്രീയാണ് കുടുംബകലഹത്തിന് കാരണമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് 2019ല്‍ ചെന്താമര സജിതയെ കൊന്നതെന്ന് അമ്മാവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

നാലുസംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ചെന്താമരയ്ക്കായി തിരച്ചില്‍ നടത്തുന്നത്. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കെയാണ് അത് ലംഘിച്ച്,  പ്രതി സ്വന്തംവീട്ടില്‍ കഴിഞ്ഞത്. ചെന്താമര കൊലവിളി മുഴക്കിയിട്ടും കേസെടുക്കാത്തത് പൊലീസിന്‍റെ ഗുരുതര വീഴ്ചയായി. ഇത് ചൂണ്ടിക്കാട്ടി ലോക്കല്‍ പൊലീസിനെതിരെ സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൊലപാതകത്തിനുപയോഗിച്ച വടിവാൾ ചെന്താമരയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. വടിവാളിന്‍റെ അറ്റത്ത് കമ്പ് വച്ചുകെട്ടി സുധാകരനെ പ്രതി വെട്ടി വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുധാകരന്‍റെ അമ്മ ലക്ഷ്മിയെയും പ്രതി വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് ഓടി രക്ഷപെട്ടു. ചെന്താമരയുടെ വീട്ടിൽനിന്ന് ഒഴിഞ്ഞ വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി. കൊലപാതകങ്ങള്‍ നടത്തിയ ശേഷം പ്രതി ഓടിപ്പോയത് സഹോദരന്‍റെ വീട്ടിലേക്കാണ്. രാധയുടെ വീട്ടിലെത്തി കുളിച്ച ശേഷമാണ് ഇയാള്‍ ഒളിവിൽ പോയത്.

ENGLISH SUMMARY:

Nenmara twin murder case: Where is Chenthamara? Chenthamara, the accused in the Nenmara twin murder case is still at large. The investigation will be expanded today with the help of locals in Pothundy and Nelliyampathy areas, where the suspect was seen after the murder. Four teams with a total of seven members are inspecting the area under the leadership of Alathur DySP