തിരുവനന്തപുരം കഠിനംകുളത്ത് വീട്ടമ്മയെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് കഴുത്തിന് കുത്തിക്കൊന്നത് ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ഇറങ്ങിവരണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം പ്രതി ഉപേക്ഷിച്ച രക്തം പുരണ്ട വസ്ത്രങ്ങള്‍ ചിറയിന്‍കീഴ് റയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്ന് തെളിവെടുപ്പില്‍ കണ്ടെടുത്തു.
പൊലീസ് പിടിക്കുന്നതിന് മുന്‍പ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ജോണ്സണ് ഔസേപ്പിനെ ഇന്ന് പുലര്‍ച്ചെയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സക്ക് ശേഷം തിരുവനന്തപുരത്തെത്തിച്ചത്. ആതിരയെന്ന 30 കാരിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്ന പ്രതിയേ കാണാന്‍ നാട്ടുാര്‍ തടിച്ചുകൂടി. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തന്നെ ജോണ്സണ് കുറ്റം ഏറ്റുപറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ റീല്‍സുകളിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ജോണ്സണ് ആതിര തനിക്കൊപ്പം ഇറങ്ങിവരണമെന്ന് ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി. ഭര്‍ത്താവിനെയും രണ്ടാംക്ളാസുകാരന്‍ മകനെയും ഉപേക്ഷിച്ച് വരില്ലെന്നായിരുന്നു ആതിരയുടെ മറുപടി. ആതിരയുടെ മനസ് മാറ്റാനായി തിരുവനന്തപുരം ചിറയിന്‍കീഴില്‍ ജോണ്സണ് വാടക വീടെടുത്ത് അവിടേക്ക് വരാന്‍ ആവശ്യപ്പെട്ടു. അതും നിരസിച്ചതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്.
കൊലയ്ക്ക് തലേദിവസം തന്നെ ചിറയിന്‍കീഴിലെ കടയില്‍ നിന്ന് കത്തി വാങ്ങി.കത്തി പാന്റില്‍ ഒളിപ്പിച്ച വെച്ചാണ് ആതിരയുടെ വീട്ടിലെത്തിയത്. വീട്ടില്‍ക്കയറി ചായ കുടിച്ച് സംസാരിക്കുന്നതിനിടെ അതെടുത്ത് കഴുത്തിന് കുത്തി. കത്തിവാങ്ങിയ കടയിലെത്തിച്ചുള്ള തെളിവെടുപ്പില്‍ ഇക്കാര്യം ജോണ്സണ് ആവര്‍ത്തിച്ചു.
കൊലയ്ക്ക് ശേഷം ആതിരയുടെ സ്കൂട്ടറില്‍ ചിറയിന്‍കീഴ് റയില്‍വേ സ്റ്റേഷനിലെത്തി, സ്കൂട്ടര്‍ അവിടെ ഉപേക്ഷിച്ച ശേഷം ട്രയിനില്‍ ആലപ്പുഴക്ക് മുങ്ങി. കൊല നടത്തിയപ്പോള്‍ ഷര്‍ട്ടില്‍ രക്തമായതിനാല്‍ ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ടിട്ടാണ് വീട്ടില്‍ നിന്നിറങ്ങിയത്. റയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പാന്റിലും രക്തക്കറ കണ്ടതോടെ, സമീപത്തെ കടയില്‍ നിന്ന് മുണ്ട് വാങ്ങി, പാന്റും ബെല്‍റ്റും റെയില്‍വേ സ്റ്റേഷനിലെ ഓടയില്‍ ഉപേക്ഷിച്ചു. തെളിവെടുപ്പില്‍ അവ കണ്ടെടുത്തു. തിരുവനന്തപുരത്ത് നിന്ന് മുങ്ങി കോട്ടയം കുറിച്ചിയില്‍ ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടിലെത്തിയപ്പോളാണ് പിടിക്കപ്പെട്ടത്. റിമാന്‍ഡിലായ ജോണ്‍സണെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കും.