നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര അന്ധവിശ്വാസത്തിനടിമയെന്ന് ബന്ധുക്കള്‍. ലഭിക്കുന്ന പണത്തില്‍ ഏറെയും ഉപയോഗിക്കുന്നത് മന്ത്രവാദത്തിനാണ്. അടുത്ത വീട്ടിലെ നീണ്ട മുടിയുള്ള സ്ത്രീയാണ് കുടുംബകലഹത്തിന് കാരണമെന്ന് ജ്യോത്സ്യന്‍ അയാളോടു പറഞ്ഞിരുന്നു. ഇതുകേട്ടാണ് 2019ല്‍ സജിതയെ കൊന്നതെന്ന് അമ്മാവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സ്വന്തം വീട്ടില്‍ കിടക്കാന്‍ പേടിയെന്നും സഹോദരന്റെ വീട്ടിലാണ് കഴിഞ്ഞതെന്നും ബന്ധു വെളിപ്പെടുത്തി. പൊലീസുകാര്‍ക്കുള്‍പ്പെടെ ചെന്താമരയെ പേടിയെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. നാലുസംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ചെന്താമര സ്വന്തം വീട്ടില്‍ താമസിച്ചത്. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് പ്രതി സ്വന്തംവീട്ടില്‍ കഴിഞ്ഞത്. ചെന്താമര കൊലവിളി മുഴക്കിയിട്ടും കേസെടുക്കാത്തത് പൊലീസിന്‍റെ ഗുരുതരവീഴ്ചയായി. ലോക്കല്‍ പൊലീസിനെതിരെ സ്പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും
ALSO READ: ജാമ്യവ്യവസ്ഥ ലംഘിച്ചു; കൊലവിളി; അനങ്ങാതെ പൊലീസ്; ഇരട്ടക്കൊല
ചെന്താമരയുടെ വീട്ടിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച വടിവാൾ കണ്ടെടുത്തു. വടിവാളിന്‍റെ അറ്റത്ത് കമ്പ് വെച്ചുകെട്ടി സുധാകരനെ പ്രതി വെട്ടി വീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുധാകരന്‍റെ അമ്മ ലക്ഷ്മിയെയും പ്രതി വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഓടി മറയുകയായിരുന്നു. ചെന്താമരയുടെ വീട്ടിൽനിന്ന് ഒഴിഞ്ഞ വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി. കൃത്യം നടത്തിയ ശേഷം പ്രതി ഓടിപ്പോയത് സഹോദരൻ രാധയുടെ വീട്ടിലേക്കാണ്. ഇവിടെയെത്തി കുളിച്ച ശേഷമാണ് പ്രതി ഒളിവിൽ പോയത്. ചോദ്യം ചെയ്യലിനായി രാധയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
വിറങ്ങലിച്ച് നാട്: അഞ്ചുവര്‍ഷം മുന്‍പ് വീട്ടമ്മയെ കൊന്ന പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയാണ് വീട്ടമ്മയുടെ ഭര്‍ത്താവിനെയും അമ്മയെയും വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറ പോത്തുണ്ടിയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല. 2019ല്‍ കൊല്ലപ്പെട്ട സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, സുധാകരന്‍റെ അമ്മ ലക്ഷ്മി എന്നിവരാണ് അയല്‍വാസികൂടിയായ ചെന്താമരയുടെ വെട്ടുകത്തിക്ക് ഇരയായത്.
ഇന്നലെ രാവിലെ പത്തുമണിയോടെ സുധാകരന്‍ ബൈക്കില്‍ വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴായിരുന്നു ആക്രമണം. നിലവിളി കേട്ടെത്തിയ അമ്മ ലക്ഷ്മിക്കും വെട്ടേറ്റു. സുധാകരന്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2019ലാണ് സുധാകരന്‍റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജയിലിലായിരുന്ന പ്രതി ഒന്നരമാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. തന്‍റെ കുടുംബജീവിതം തകരാന്‍ കാരണം സുധാകരന്‍റെ കുടുംബമെന്ന് ആരോപിച്ചായിരുന്നു സജിതയെ ചെന്താമര വെട്ടിക്കൊന്നത്. അതേ വൈരാഗ്യമാണ് ഇപ്പോഴത്തെ ഇരട്ടക്കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് പറയുന്നത്
ഒളിവില്‍പോയ ചെന്താമരയെ പിടികൂടാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് ടീമുകള്‍ രൂപീകരിച്ചു. സജിതയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞ തിരുപ്പൂരില്‍ ചെന്താമര ഇല്ലെന്ന് സ്ഥിരീകരിച്ചു. അന്ന് കാടിനുള്ളിലെ ഗുഹയില്‍ ചെന്താമര അഞ്ചുദിവസത്തോളം ഒളിവില്‍ കഴിഞ്ഞിരുന്നു.