പാലക്കാട് നെന്മാറയില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട വേദനയില്‍ നെഞ്ചുപൊട്ടി കരയുകയാണ് അഖില എന്ന പെണ്‍കുട്ടി. ആദ്യം അമ്മ, ഇപ്പോള്‍ അച്ഛനും അച്ഛമ്മയും. പരാതി പറഞ്ഞിട്ടും കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കാതെ അയാള്‍ പറഞ്ഞതപ്പാടെ വിശ്വസിച്ച് പൊലീസിനെതിരെ കടുത്ത അമര്‍ഷമാണ് പെണ്‍കുട്ടി പ്രകടിപ്പിക്കുന്നത്. ‘എന്‍റെ അമ്മയെ കൊന്ന അയാളെ നാലു വര്‍ഷം ജയിലില്‍ കൊണ്ടുപോയി നന്നായി ഭക്ഷണം കൊടുത്ത് വിട്ടിയച്ചില്ലേ...’ – അഖില ചോദിക്കുന്നു. 

‘എന്‍റെ അമ്മയെ കൊന്ന അയാള്‍ അച്ഛനെയും അച്ഛമ്മയെയും കൊന്നു. ഇനി എന്നെയും കൊല്ലട്ടെ.... എന്‍റെ അമ്മയെ കൊന്നയാളാണ്, എന്നെയും പേടിപ്പെടുത്തുന്നു എന്ന് പൊലീസുകാരോട് പറഞ്ഞതാണ്. അതൊന്നും കേട്ടില്ല. അയാളെ രാവിലെ വിളിച്ചുകൊണ്ടുപോയി വൈകിട്ട് തിരിച്ചയച്ചു. ജയിലില്‍ നിന്ന് വന്നശേഷം എന്‍റെ അമ്മയെ കൊന്ന സമയത്തെപ്പോലെ അയാള്‍ വീട്ടില്‍ പതുങ്ങി ഇരിക്കുകയായിരുന്നു.’ – അഖില പറഞ്ഞു. 

‘മുറിയില്‍ ഇരുന്ന് അയാള്‍ എല്ലാം നിരീക്ഷിക്കുകയായിരുന്നു. എന്‍റെ വീട്ടില്‍ ആരൊക്കെ വരുന്നു, എപ്പോഴാണ് പോകുന്നത് എന്നെല്ലാം നോക്കിവച്ചു. എത്രയൊക്കെ പറഞ്ഞിട്ടും പൊലീസിന് മനസ്സിലായില്ല. രണ്ടുവര്‍ഷം കൂടുമ്പോള്‍ പൊലീസുകാര്‍ മാറുന്നതിന് ഞങ്ങള്‍ എന്ത് ചെയ്യാനാണ്? ഞങ്ങളുടെ കണ്ണീരിനെന്താ വിലയില്ലേ...? ഇനി ഞാന്‍ മാത്രമേ ബാക്കിയുള്ളൂ. എന്നെയും കൂടി കൊല്ലാന്‍ പറ.’ നാലുവര്‍ഷം കഴിയുമ്പോള്‍ അയാള്‍ പിന്നെയും വരുമല്ലോയെന്ന് അഖില ഉള്ളുപൊള്ളി അലമുറയിട്ട് ചോദിക്കുന്നു.

ഇന്നലെയാണ് നെന്മാറ സ്വദേശി സുധാകരന്‍ (58) അമ്മ ലക്ഷ്മി (79) എന്നിവരെ അയല്‍വാസി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ ചെന്താമര സുധാകരന്‍റെ ഭാര്യ സജിതയെ (35) വെട്ടിക്കൊന്നിരുന്നു. കുടുംബവുമായി അകന്നു കഴിയുന്ന പ്രതി, കുടുംബപ്രശ്നങ്ങൾക്കു കാരണക്കാർ മരിച്ച സജിത ഉൾപ്പെടെയുള്ള അയൽവാസികളാണെന്നു ധരിച്ചതാണു കൊലയ്ക്കുകാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

സജിത കേസില്‍ അടുത്തമാസം വിചാരണ തുടങ്ങാനിരിക്കെ പ്രതിക്ക് ജാമ്യം ലഭിച്ചു. തൊട്ടുപിന്നാലെ സുധാകരനേയും അമ്മയേയും കൊലപ്പെടുത്തുകയായിരുന്നു. അഖില പ്രതിയെ പേടിച്ച് ഒരു മാസത്തോളമായി ബന്ധുവീട്ടിലാണ് നില്‍ക്കുന്നത്. ചെന്താമരയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടും അത് ആരും ചെവിക്കൊണ്ടില്ല എന്ന ആരോപണം ശക്തമാണ്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും.

ENGLISH SUMMARY:

A murder case accused hacked his neighbours to death. The victims were Sudhakaran and his mother Lakshmi. The accused Chenthamara, who escaped after the murder. Chenthamara had hacked Sudhakaran's wife to death in 2019.