chenthamara-sudhakaran-2

നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരയുടെ മൊഴിയുടെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന്. കൊലയ്ക്ക് ഒരാഴ്ച മുന്‍പ് ചെന്താമരയും കൊല്ലപ്പെട്ട സുധാകരനും തമ്മില്‍ തര്‍ക്കമുണ്ടായി. സുധാകരന്‍ പൊലീസില്‍ പരാതി നല്‍കിയത് വൈരാഗ്യം കൂട്ടി. സ്വസ്ഥമായി ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് സുധാകരനെ ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. സുധാകരനെതിരെ കയര്‍ത്തത് അമ്മ ലക്ഷ്മി ചോദ്യം ചെയ്തതോടെയാണ് അവരെയും ലക്ഷ്യമിട്ടത്. തന്റെ ഭാര്യയെയും മകളെയും ക്രൈംബ്രാഞ്ചിലെ പൊലീസുകാരനെയും കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര മൊഴി നല്‍കി. എത്രകാലം കഴിഞ്ഞാലും അവസരം കിട്ടിയാൽ ഈ മൂന്നുപേരെയും വകവരുത്തുമെന്നും തന്റെ ജീവിതം നശിപ്പിച്ചവരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും ചെന്താമര ആവർത്തിച്ചു. കൊലപാതകത്തിനുശേഷം വിഷം കുടിച്ചെന്ന് പ്രതി മൊഴി നല്‍കിയെങ്കിലും ഡോക്ടര്‍ സ്ഥിരീകരിച്ചിട്ടില്ല. 

 

തന്റെ ഭാര്യയെയും മകളെയും ക്രൈംബ്രാഞ്ചിലെ പൊലീസുകാരനെയും കൂടി കൊല്ലാൻ ലക്ഷ്യമിട്ടിരുന്നതായി കൊടുംകുറ്റവാളിയായ ചെന്താമര. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് ചെന്താമര ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്താമരയെ ഇന്ന് ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ജനരോഷം കണക്കിലെടുത്ത് ഏറെ കരുതലോടെയാകും ചെന്താമരയെ തെളിവെടുപ്പിനായി കൊണ്ടുവരിക. ജനരോഷം ആളിപ്പടർന്നതോടെ പ്രതിയെ ഇന്ന് പുലർച്ചയോടെ നെന്മാറ പൊലീസ് സ്റ്റേഷനിൽ നിന്നും ആലത്തൂർ ഡിവൈഎസ്പി  ഓഫീസിലേക്ക് മാറ്റുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് വിവരം മനോരമ ന്യൂസാണ് ആദ്യം പുറത്തുവിട്ടത്. 

നെന്മാറ പോത്തുണ്ടിയിൽ അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അതിക്രൂരമായി കൊലപ്പെടുത്തി ഒരു നാടിന്റെ പേടിസ്വപ്നമായിമാറിയ ചെന്താമരയെ കുറ്റകൃതം നടന്ന് മുപ്പത്തിയാറ് മണിക്കൂർ പിന്നിടവേ പൊലീസിന്റെ വലയിലായി. ചെന്താമരയ്ക്ക് വേണ്ടി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. രാത്രി തിരച്ചിൽ അവസാനിപ്പിച്ച് പോകാൻ ശ്രമിക്കുന്നതിനിടെ ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വിശന്നുവലഞ്ഞ് ഭക്ഷണം കഴിക്കാൻ സ്വന്തം വീടിന് സമീപത്തേയ്ക്ക് ഇയാൾ വരികയായിരുന്നു. നാട്ടുകാരുടെ കണ്ണുവെട്ടിച്ച് സ്വകാര്യവാഹനത്തിൽ സ്റ്റേഷനിലെത്തിച്ചു. പിടിയിലായ സമയത്ത് ഏറെ അവശനായിരുന്നു. 

സ്റ്റേഷനിലെത്തിയ ഉടൻ ഭക്ഷണം ആവശ്യപ്പെട്ടു. തുടർന്ന് ഭക്ഷണം എത്തിച്ചു നൽകി. ഒട്ടും കൂസലില്ലാതെ; ഒരു തരിമ്പും കുറ്റബോധമില്ലാതെയുള്ള മാനസീകാവസ്ഥയിലായിരുന്നു ചെന്താമര. ചോദ്യം ചെയ്യലിനിടെ പൊലീസിനോട് ക്ഷോഭിച്ചു. വിരൽ ചൂണ്ടി സംസാരിച്ചു. തന്റെ ഭാര്യയെയും മകളെയും ക്രൈംബ്രാഞ്ചിലെ പൊലീസുകാരനെയും കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര പറഞ്ഞു. എത്രകാലം കഴിഞ്ഞാലും അവസരം കിട്ടിയാൽ ഈ മൂന്നുപേരെയും വകവരുത്തുമെന്നും തന്റെ ജീവിതം നശിപ്പിച്ചവരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും ചെന്താമര ആവർത്തിച്ചു. അർധരാത്രി 1.42ഓടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ആലത്തൂർ സ്റ്റേഷനിലേയ്ക്ക് മാറ്റി 

ENGLISH SUMMARY:

A week before the murder, Chenthamara and the deceased Sudhakaran had an argument. Sudhakaran filed a complaint with the police, which increased the enmity. Chenthamara had threatened Sudhakaran that she would not be allowed to sleep peacefully. She was also targeted when her mother Lakshmi questioned her about her anger against Sudhakaran. Although the accused gave a statement that he had consumed poison after the murder, the doctor has not confirmed it.