സഹോദരിയെ കൊല ചെയ്ത ശേഷം അത് അപകട മരണമാണെന്ന് വരുത്തിതീര്‍ത്ത് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച ബിസിനസുകാരന്‍ ഒടുവില്‍ കുടുങ്ങി. കഴുത്തറ്റം കടത്തില്‍ മുങ്ങിയ മലപതി അശോക് കുമാര്‍ എന്ന മുപ്പതുകാരന്‍ ആദ്യം ചെയ്തത് തന്‍റെ സഹോദരിയുടെ പേരില്‍ പല ഇന്‍ഷുറന്‍സും എടുക്കുകയാണ്. മാസങ്ങള്‍ നീണ്ട പദ്ധതിയ്ക്കൊടുവിലാണ് ഇയാള്‍ കൃത്യം നടപ്പാക്കിയത്. 

2024 ഫെബ്രുവരി രണ്ടിന് നടന്ന കൊലയുടെ ചുരുളഴിഞ്ഞത് ഇപ്പോഴാണ്. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിവാഹബന്ധം വേര്‍പ്പെടുത്തിയ അശോകിന്‍റെ സഹോദരി ഇയാള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളുമില്ലായിരുന്നു. ബാധ്യതകളൊന്നുമില്ലാത്ത സഹോദരിയെ ബലി നല്‍കി കടത്തില്‍‌ നിന്ന് കരകയറാം എന്നാണ് അശോക് ധരിച്ചത്. എന്നാല്‍ പദ്ധതി പാളി.

സംഭവദിവസം ആശുപത്രിയിലേക്കെന്ന് പറഞ്ഞ് സഹോദരിയെ കൂടെകൂട്ടി. ആശുപത്രിയില്‍ നിന്നിറങ്ങിയതിനു ശേഷം കൊല്ലണമെന്ന ലക്ഷ്യത്തോടെ സഹോദരിയ്ക്ക് ഉറക്ക ഗുളികകള്‍ നല്‍കി. പിന്നീട് പൊടിലിക്കു സമീപം ഒരു പെട്രോള്‍ പമ്പിനടുത്തു വച്ച് അശോക് ഒരു അപകടം ഉണ്ടാക്കി. ഈ അപകടത്തിലാണ് സഹോദരി മരിച്ചത് എന്ന് വരുത്തിതീര്‍ക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. കോടിക്കണക്കിന് രൂപ സഹോദരിയുടെ പേരില്‍ ഇന്‍ഷുറന്‍സായി എടുത്തിരുന്നു എന്നതാണ് അന്വേഷണത്തില്‍ വരിത്തിരിവായത്. ആ സംശയം എത്തിനിന്നതാകട്ടെ ക്രൂരകൊലപാതകത്തിന്‍റെ നടുക്കുന്ന വെളിപ്പെടുത്തലിലേക്കും. സഹോദരിയെ കൊല ചെയ്യാന്‍ അശോകിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

ENGLISH SUMMARY:

Man has been arrested for allegedly murdering his divorced and childless younger sister to fraudulently claim a Rs 1 crore insurance payout. Kumar, who was struggling with heavy debts, allegedly devised a plan to insure his sister’s life with multiple insurance companies, murder her, and stage it as an accident to claim the payout. Investigators revealed that he had meticulously planned the crime, ensuring the policies were in place before executing his scheme.