‘നീ മിണ്ടരുത്, നീയാണ് എന്നെ കുഴപ്പത്തിലാക്കിയത്, എന്റെ ജീവിതം തകർത്തതു നീയാണ്’– ചെറിയനാട് ഭാസ്കര കാരണവർ വധക്കേസില്‍ 2010 ജൂണിൽ മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി ശിക്ഷവിധിച്ചശേഷം ഒന്നാം പ്രതിയും മരിച്ച കാരണവരുടെ മരുമകളുമായ ഷെറിന് കോടതിമുറിയില്‍വെച്ച് ക്ഷോഭത്തോടെ പറഞ്ഞ വാക്കുകളാണിത്. മുന്നിലൂടെ കടന്നുപോയ രണ്ടാം പ്രതി ബാസിത് അലി സുഖമാണോയെന്നു ചോദിച്ചപ്പോഴായിരുന്നു ഷെറിന്റെ പൊട്ടിത്തെറി. ശരിക്കും വഴിവിട്ട പ്രണയബന്ധങ്ങളും ആഡംബര ജീവിതഭ്രമവും ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള അടുത്തബന്ധവുമൊക്കെ തന്നെയാണ് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബത്തില്‍ നിന്ന് കാരണവരുടെ മകന്റെ വധുവായെത്തിയ ഷെറിനെ സ്വന്തം ഭര്‍തൃപിതാവിന്റെ തന്നെ കൊലപാതകിയാക്കി മാറ്റിയത്.
കുറ്റകൃത്യം ചെയ്ത ശേഷം അത് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ തന്ത്രങ്ങള്‍ തന്നെയാണ് പൊലീസിനെ വേഗത്തില്‍ പ്രതികളിലേക്കെത്തിച്ചത്. കൊലപാതകവിവരം പുറംലോകമറിഞ്ഞതുമുതല് മോഷണം എന്ന കാരണം പരമാവധി പ്രചരിപ്പിക്കാന്‍ മരുമകളായ ഷെറിന് ശ്രമിച്ചിരുന്നു. കാരണവരെ കൊന്നശേഷം അദ്ദേഹത്തിന്റെ മുറിയിലും ഹാളിലും പ്രതികള്‍ മുളകുപൊടി വിതറിയിരുന്നു. കാരണവേഴ്സ് വില്ലയിലെ അടുക്കളയിൽത്തന്നെയുള്ള മുളകുപൊടി ഉപയോഗിച്ചതോടെ വീടുമായി അടുത്ത പരിചയമുള്ളവരാണു കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിച്ചു. കൊല നടത്തിയശേഷം വീട്ടിലെ ലാപ്ടോപ്, ക്യാമറകൾ, മൊബൈൽ ഫോണുകൾ, സ്വർണ രുദ്രാക്ഷമാല എന്നിവയും പണവും കവര്‍ന്നിരുന്നു. പക്ഷേ കാരണവരുടെ കിടപ്പുമുറിയിലെ അലമാരിയിൽ ഉണ്ടായിരുന്ന 9,500 രൂപ എടുക്കാതിരുന്നതും കവർച്ചാശ്രമത്തിന്റേതായ അടയാളങ്ങളൊന്നും ആ മുറിയിൽ ഇല്ലാതിരുന്നതും മോഷണം മാത്രമല്ല കൊലപാതകത്തിനു പിന്നിലെ ലക്ഷ്യമെന്നുമുള്ള സംശയത്തിന് ബലം നല്കി.
also read: പ്രണയം, പക, ഒടുവില്‍ കൊലപാതകവും; മോചനത്തിന് വഴിതുറന്നത് സ്ത്രീയെന്ന പരിഗണന
സംഭവദിവസം ഭാസ്കര കാരണവർ വളര്‍ത്തിയ പോമറേനിയന്‍ നായ്ക്കള്‍ ഒരു ശബ്ദവും പുറപ്പെടുവിക്കാത്തതും അടുത്ത ബന്ധമുള്ളവരുടെ സാന്നിധ്യം സംഭവത്തിൽ ഉറപ്പാക്കുന്നതായിരുന്നു. മുൻവശത്തെ കതകുവഴിയാണു സംഘം അകത്തുകടന്നതെന്നു ബോധ്യപ്പെടുത്താൻ കതകു തുറന്നിട്ടിരുന്നു. എന്നാൽ നല്ല ഉറപ്പുള്ള തടിയിലും വിലകൂടിയ പൂട്ടിലും സംരക്ഷിക്കപ്പെട്ടിരുന്ന കതക് ബലം പ്രയോഗിച്ചു തുറന്നതായിട്ടുള്ള സൂചനയൊന്നുമില്ലായിരുന്നു. വീടിന്റെ മുകൾ നിലയിലെ രണ്ടു ചില്ലുജനാലകൾ തുറന്നിട്ട നിലയിലുമായിരുന്നു. എന്നാൽ ഈ ഭാഗങ്ങളിൽനിന്നൊന്നും വിരലടയാള വിദഗ്ധർക്ക് പരിചിതമല്ലാത്ത സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഇതും അന്വേഷണ ഉദ്യോഗസ്ഥരെ യഥാര്‍ഥ പ്രതികളിലേക്കെത്തിച്ചു.
കാരണവരുടെ കൊലപാതകം നടന്ന് നാലാം ദിവസമാണ് ഇളയമകൻ ബിനുവിന്റെ ഭാര്യ ഷെറിൻ അറസ്റ്റിലാവുന്നത്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രധാന പ്രതി ബാസിദ് ഉൾപ്പെടെ മൂന്നുപേർ നവംബർ ഏഴിനു രാത്രി 11.30നു വീട്ടിലെത്തിയെന്നും ഒരുമണിക്കൂർ ചെലവഴിച്ചു കൃത്യം നിർവഹിച്ചെന്നുമാണു ഷെറിന്റെ മൊഴി.കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനിയിൽ കാലായിൽ ബാസിത് അലി എന്നു വിളിക്കുന്ന ബിബീഷ് (25), കൂട്ടുകാരൻ എറണാകുളം കളമശേരി കുറ്റിക്കാട്ടുകര നിഥിൻ നിലയത്തിൽ ഉണ്ണി എന്നു വിളിക്കുന്ന നിഥിൻ (28), കൊച്ചി വേലൂർ പാതാളം പാലത്തിങ്കൽ വീട്ടിൽ ഷാനു റഷീദ് (24) എന്നിവരാണു മറ്റു പ്രതികൾ. പ്രതികൾ കുറ്റക്കാരെന്നു കണ്ടു മാവേലിക്കര അതിവേഗക്കോടതി 2010 ജൂൺ 11നു നാലുപേരെയും ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു.