കൊച്ചിയിൽ പൊലീസുകാരൻ എന്ന വ്യാജേന വ്യാപാരികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ. പൂഞ്ഞാർ സ്വദേശി സിജോ ജോസഫിനെയാണ മുളവുകാട് പൊലീസ് തന്ത്രപരമായി പിടികൂടിയത്. ബലാത്സംഗമടക്കം മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ 20ലേറെ കേസുകളിൽ പ്രതിയാണ് സിജോ. വശങ്ങളിൽ പറ്റ വെട്ടിയ മുടിയും കാക്കി പാന്റും വേഷം. കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗമെന്ന നിലയിലായിരുന്നു സിജോ ജോസഫിന്റെ വെട്ടിപ്പ്.

വൈപ്പിൻ കാളമുക്കിലെ ചായക്കടയിൽ പത്ത് ദിവസംമുമ്പ് എത്തിയ സിജോ ആവശ്യപ്പെട്ടത് പതിനായിരം രൂപ. കടയിൽ നിയമവിരുദ്ധ ഇടപാടുകൾ കണ്ടെത്തിയെന്നും കേസെടുക്കാതിരിക്കാൻ പണം വേണമെന്നുമാണ് വ്യാജ പൊലീസുകാരൻ ആവശ്യപ്പെട്ടത്. ഭയന്ന കടയുടമ 2000 രൂപ കയ്യോടെ നൽകി. കിട്ടിയത് മികച്ച ഇരയെന്ന് കരുതിയ വ്യാജൻ വീണ്ടും കടയിലെത്തി പണം ആവശ്യപ്പെട്ടു. ഇതോടെ കടയുടമ പൊലീസിനെ വിവരം അറിയിച്ചു. 

തൊട്ടടുത്ത ദിവസം വീണ്ടുമെത്തിയ വ്യാജനെ പൊലീസ് കയ്യോടെ പൊക്കി. ചോദ്യം ചെയ്യലിലാണ് വ്യാജൻ നിസ്സാരക്കാരനല്ലെന്ന് പൊലീസിന് പിടികിട്ടിയത്. തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയം, ജില്ലകളിൽ 20ലേറെ കേസുകളിൽ പ്രതിയാണ് സിജോ. ബിസിനസുകാരനായ സിജോ, അത് പൊളിഞ്ഞതോടെയാണ് നാട്ടുകാരെ പറ്റിക്കാൻ ഇറങ്ങിത്തിരിച്ചത്. 

കുറച്ചു നാളായി സിജോ കൊച്ചിയിലുണ്ട്. ലോഡ്ജിൽ വാടകയ്ക്ക് താമസിച്ച് ഇരകളെ തേടിയിറങ്ങും. ലോഡ്ജിലെ ഇയാളുടെ മുറിയിൽ നിന്ന് മൂന്ന് ജോഡി കാക്കി നിറത്തിനോട് സാമ്യമുള്ള പാന്റുകൾ കണ്ടെത്തി. സമാനമായി പലയിടങ്ങളിലും സിജോ തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു. മുളവുകാട് എസ്എച്ച്ഒ ശ്യാംകുമാർ, എസ്.ഐ തോമസ് പള്ളൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ENGLISH SUMMARY:

A fugitive who attempted to extort money from traders in Kochi by posing as a police officer has been arrested. Mulavukad Police strategically apprehended Sijo Joseph, a native of Poonjar. Sijo is accused in more than 20 cases, including rape, across various districts in central Kerala.