നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ലക്ഷ്യമിട്ടത് അഞ്ചുപേരെ കൊല്ലാനായിരുന്നുവെന്ന് പൊലീസ്. ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയെയും, വീടിനടുത്തുള്ള മറ്റൊരു സ്ത്രീയെയും വകവരുത്തുകയായിരുന്നു ലക്ഷ്യം. ഇന്നലെ രാത്രിയിൽ കാടിറങ്ങി വീടിന് സമീപമെത്തി. പൊലീസും നാട്ടുകാരും തിരയുന്നുവെന്ന് കണ്ട് വീണ്ടും വനമേഖലയിലേക്ക് മാറി. സുധാകരൻ്റെ മക്കളെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചെന്താമര. പൊലീസിന്റെ ചോദ്യങ്ങളോട് കൂസലില്ലാതെയാണ് ഇയാള്‍ പ്രതികരിച്ചത്. വൈരാഗ്യ ബുദ്ധിയോടെ ചെന്താമര കൊലപ്പെടുത്തിയത് സുധാകരന്റെ അമ്മയും ഭാര്യയും ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേരെയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം പ്രതിയ ചെന്താമരയെ പൊലീസ് പിടികൂടിയത് വ്യക്തമായ പ്ലാനിങ്ങിലൂടെ. ചെന്താമരയ്ക്ക് വിശപ്പ് സഹിക്കാനാവില്ല എന്ന് നാട്ടുകാര്‍ നിരന്തരം പറഞ്ഞതിന്റെ ചുവട് പിടിച്ച് പ്രതിയെ കാത്ത് പൊലീസുകാര്‍ വീടിന് കാവലിരിക്കുകയായിരുന്നു.
'അയാൾ വീട്ടിലേക്ക് വരുമെന്ന് അറിയാമായിരുന്നു, അയാള്‍ക്ക് വിശപ്പ് സഹിക്കാൻ വയ്യ. ഭക്ഷണം കഴിക്കാന്‍ വരുമെന്നറിഞ്ഞ് പൊലീസ് കാവൽ ഇരുന്നു. വീട്ടിലേക്ക് വരുന്ന വഴിക്ക് പിടിച്ചതാണ്. ആയുധങ്ങളൊന്നും കയ്യിലില്ലായിരുന്നു, ഒരു ചരട് മാത്രമാണുണ്ടായിരുന്നത്. ഡിവൈഎസ്പി പ്രതികരിച്ചു.
36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ചെന്താമരയെ പൊലീസ് കീഴടക്കി നെന്മാറ സ്റ്റേഷനിലെത്തിച്ചത്. കൊലയ്ക്കുശേഷം വനമേഖലയില്‍ ഒളിച്ചു. രാത്രി ഒന്‍പതരയോടെയാണ് പിടിയിലായത്. പ്രതി പിടിയിലായതിനു പിന്നാലെ നെന്മാറ പൊലീസ് സ്റ്റേഷനുമുന്നില്‍ നാട്ടുകാരുടെ വലിയ പ്രതിഷേധം. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു ഇരട്ടക്കൊലപാതകം.
അതേസമയം, നെന്മാറ ഇരട്ടക്കൊലപാതകത്തിലെ വീഴ്ചയ്ക്ക് എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ. നെന്മാറ സ്റ്റേഷനിലെ ഇൻസ്പെക്ടർ എം മഹേന്ദ്ര സിംഹനയാണ് സസ്പെൻഡ് ചെയ്തത്. 2019 ലെ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര ജാമ്യ ഉപാധി ലംഘിച്ചെന്ന പരാതി നാട്ടുകാർ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ റിപ്പോർട്ട് നൽകി ചെന്താമരയുടെ ജാമ്യം റദ്ദാക്കി ജയിലിൽ ആക്കാനുള്ള നടപടി എസ്എച്ച്ഒ സ്വീകരിച്ചിരുന്നില്ല.
പകരം ചെന്താമരയെ വിളിച്ചുവരുത്തി ഉപദേശിച്ചു വിട്ടയക്കുകയാണ് ചെയ്തത്. കഴിഞ്ഞദിവസം കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം നൽകിയ പരാതിയും അവഗണിച്ചു. ഈ രണ്ടു കാര്യങ്ങളിലും വീഴ്ച സംഭവിച്ചെന്ന പാലക്കാട് എസ്പിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയെടുത്തത്.