അമ്മയ്ക്കൊപ്പം കിടത്തിയുറക്കിയ കുഞ്ഞ് നേരം പുലര്‍ന്നപ്പോള്‍ കിണറ്റിനുള്ളില്‍ എങ്ങനെ വന്നു എന്ന ചോദ്യമാണ് ബാലരാമപുരത്തെ വാര്‍ത്ത പുറത്തുവന്നതോടെ സകലരും ചോദിക്കുന്നത്. സംഭവത്തില്‍ ദുരൂഹതകള്‍ നീണ്ടുകിടക്കുകയാണ്. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മൂമ്മ തുടങ്ങി വീട്ടിലുണ്ടായിരുന്ന എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ALSO READ; കെട്ടിപ്പൊക്കിയ കിണര്‍; കുഞ്ഞ് നടന്നെത്തില്ല; കിണറ്റിലെറിഞ്ഞത് ആര്?
ഇതിനിടെ വീട്ടിലുണ്ടായ തീപിടിത്തവും കണ്ടെത്തിയ മൂന്ന് കുരുക്കുകളും നിര്‍ണായകമാകുന്നു. കുഞ്ഞിനെ അച്ഛനൊപ്പം കിടത്തി മൂത്തകുട്ടിയുമായി അമ്മ പുലര്‍ച്ചെ ശുചിമുറിയിലേക്ക് പോയി എന്നാണ് ആദ്യം വിവരമെത്തിയത്. അല്ല അമ്മാവനൊപ്പമാണ് കുഞ്ഞ് കിടന്നതെന്ന് ആ മൊഴി വീട്ടുകാര്‍ തിരുത്തി. ഇതിനിടെ ശുചിമുറിയിലേക്ക് പോയപ്പോള്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടുവെന്നും അമ്മൂമ്മയോട് നോക്കാന്‍ പറഞ്ഞുവെന്നും അമ്മ പറഞ്ഞിരുന്നു. പിന്നീടാണ് കുഞ്ഞിനെ കാണാതായത്.
ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസ്സുകാരിയാണ് മരിച്ചത്. ശ്രീതുവിന്‍റെ അച്ഛൻ 16 ദിവസം മുൻപ് മരിച്ചു. ഇതിന്‍റെ ചടങ്ങുകള്‍ക്കായി ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. അച്ഛന്‍റെ മരണശേഷം വീട്ടില്‍ നിന്ന് 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ വീട്ടുകാര്‍ പരസ്പര ബന്ധമില്ലാത്ത മൊഴി നല്‍കിയതോടെ പൊലീസ് കേസെടുത്തില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാർ. ALSO READ; ഷെഡില്‍ കുരുക്കിട്ട നിലയില്‍ ബലമില്ലാത്ത മൂന്ന് കയറുകള്‍; സര്‍വത്ര ദുരൂഹത
ദേവേന്ദുവിന്‍റെ അമ്മൂമ്മ ഇതിനു മുന്‍പ് രണ്ടുവട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും വിവരമുണ്ട്. ആദ്യം കൈ ഞരമ്പ് മുറിച്ചുു, പിന്നീടൊരുവട്ടം കിണറ്റിൽ ചാടി. ഇങ്ങനെ വീട്ടുകാരുടെ സ്വഭാവത്തിലും ഇവര്‍ നല്‍കുന്ന മൊഴികളിലും ദുരൂഹതകള്‍ ഏറെയാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിച്ച പൊലീസ് അമ്മ, അച്ഛന്‍, അമ്മൂമ്മ, അമ്മാവന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
കുഞ്ഞിന്‍റെ അമ്മാവന്‍റെ മുറിയില്‍ നിന്നും പുലര്‍ച്ചെ മണ്ണെണ്ണയുടെ ഗന്ധം വന്നെന്നും തീപിടിത്തമുണ്ടായെന്നും വീട്ടുകാര്‍ പറയുന്നു. പിന്നീടാണ് വീട്ടിലെ ഷെഡില്‍ കുരുക്കിട്ട നിലയില്‍ മൂന്ന് കയറുകള്‍ കണ്ടെത്തിയത്. മൂന്നും ബലമില്ലാത്തവയാണെന്നും ജീവനൊടുക്കാന്‍ പോന്നവയല്ലെന്നും പൊലീസ് പറയുന്നു. താഴെ ഒരു പ്ലാസ്റ്റിക് കസേരയും കണ്ടെത്തിയിട്ടുണ്ട്. ഒന്നുകില്‍ പൊലീസ് അന്വേഷണം വഴിതെറ്റിക്കാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരു കഥ മെനയാനോ ഉള്ള കാട്ടിക്കൂട്ടലുകളാണ് ആ ഷെഡില്‍ കണ്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.