Image Credit: Facebook
രണ്ടാമത്തെ കുഞ്ഞിന്‍റെ പേരിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട വിഡിയോ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പ്രതികരണവുമായി ഗായകന്‍ വിജയ് മാധവും നടി ദേവിക നമ്പ്യാരും രംഗത്ത്. 'എല്ലാം നമ്മള്‍ പറഞ്ഞ് സുലാനാക്കി' എന്നു പറഞ്ഞുതുടങ്ങുന്ന വിഡിയോയാണ് ഇരുവരും സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. കുഞ്ഞിന് 'ഓം പരമാത്മ' എന്ന് പേരിട്ടത് വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന് വിജയ് മാധവ് പറഞ്ഞു. തങ്ങളുടെ കുടുംബം പോലെയാണ് പ്രേക്ഷകരെയും കാണുന്നത്. പ്രേക്ഷകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നതായും തങ്ങള്‍ക്ക് ആരോടും യാതൊരു പരിഭവമോ പിണക്കമോ ഇല്ലെന്നും വിജയ് മാധവും ദേവികയും പറഞ്ഞു.
രണ്ടാമത്തെ കുഞ്ഞിന് 'ഓം പരമാത്മ' എന്ന പേരിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിജയ് മാധവിനും ദേവികയ്ക്കും നേരെ പ്രേക്ഷകര്‍ വിമര്‍ശനങ്ങളുമായെത്തിയത്. ഇന്നത്തെ കാലത്ത് ഒരു പെണ്‍കുഞ്ഞിന് ഇങ്ങനെയൊരു പേരിടാമോ എന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. വിജയ് മാധവ് കടുത്ത അന്തവിശ്വാസിയാണെന്ന തരത്തിലുളള അഭിപ്രായങ്ങളും കമന്‍റുകളില്‍ നിറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ വിജയ് മാധവും ദേവികയും വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തുകയായിരുന്നു.
വിമര്‍ശനങ്ങള്‍ തങ്ങളെ ഏറെ വേദനിപ്പിച്ചെന്ന് ദേവിക പറഞ്ഞു. 'നമ്മുടെ യഥാര്‍ഥ ഉടയോന്‍ ആത്മാവും അതിന്‍റെ ഉടയോന്‍ പരമാത്മാവുമാണ്. ആ അര്‍ഥം തിരിച്ചറിഞ്ഞ് നന്മകള്‍ കുഞ്ഞിന് ഉണ്ടാകട്ടേയെന്ന് കരുതിയാണ് ഇങ്ങനെയൊരു പേരിട്ടത്' എന്നായിരുന്നു വിജയ് മാധവിന്‍റെ പ്രതികരണം. ഭാവിയില്‍ മകള്‍ക്ക് ഈ പേര് വേണ്ടെന്ന് തോന്നിയാല്‍ പേര് മാറ്റുന്നതിന് യാതൊരു കുഴപ്പവുമില്ലെന്നും വിജയ് മാധവ് പറഞ്ഞിരുന്നു. ആളുകള്‍ പറയുന്നതുപോലെ താന്‍ ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും അന്ധവിശ്വാസിയല്ലെന്നും വിജയ് കൂട്ടിച്ചേർത്തു.
ഇപ്പോഴിതാ വളരെ പോസിറ്റീവായ മറ്റൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ദേവികയും വിജയ്യും. ഇതോടു കൂടി പേരിടൽ പരിപാടി അവസാനിപ്പിച്ചു എന്നാണ് വിജയ് വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ദേവിക കരയുന്ന വിഡിയോ കണ്ട് പലരും സന്ദേശമയച്ചെന്നും ദേവികയ്ക്ക് വേറെ പ്രശ്നമൊന്നുമില്ലെന്നും വിജയ് വിശദീകരിച്ചു. പ്രസവം കഴിഞ്ഞ് പെട്ടെന്ന് ഞാൻ ഭ്രാന്തനാണ്, പൊട്ടനാണ് എന്നൊക്കെ പറഞ്ഞപ്പോഴുള്ള ചെറിയ മാനസിക സമ്മർദമാണ് ദേവികയുടെ വൈകാരിക പ്രതികരണത്തിന് പിന്നിലെന്നും വിജയ് പറഞ്ഞു. ഇപ്പോൾ ഓകെയാണ്. എല്ലാം നമ്മള്‍ പറഞ്ഞ് സുലാനാക്കി എന്നാണ് ഇരുവരുടെയും പ്രതികരണം. ഞാൻ ഇതോടെ പേരിടൽ പരിപാടി അവസാനിപ്പിച്ചു. പറഞ്ഞകാര്യങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ എല്ലാവരോടും ക്ഷമചോദിക്കുന്നു എന്നും വിജയ് പറഞ്ഞു.