chottanikkara-assault

ചോറ്റാനിക്കരയില്‍ പോക്സോ കേസ് അതിജീവിതയെ ഗുരുതരാവസ്ഥയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പത്തൊന്‍പതുകാരിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങുന്നത്. അനൂപിന്‍റെ സംശയരോഗം മൂലം ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നു. ഇതോടെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ നടത്തിയ ശ്രമമാണിതെന്ന് പൊലീസ്

Read Also: ചുറ്റികകൊണ്ട് ആക്രമം; ചോറ്റാനിക്കരയില്‍ പെണ്‍കുട്ടി നേരിട്ടത് അതിക്രൂര പീഡനം.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയത്തിലായത്. ആ അടുപ്പം പ്രണയത്തലേക്ക് വഴിമാറി. ഈ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ അമ്മ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അനൂപ് മിക്കപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. മണിക്കൂറുകളോളം വീട്ടില്‍ ചെലവഴിച്ചു. ലഹരിക്കടിയയായ ഇയാള്‍ പെണ്‍കുട്ടിക്കും ലഹരി നല്‍കിയിരുന്നതായും വിവരമുണ്ട്.

സംഭവ ദിവസം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ടാണ് വീട്ടിലേക്ക് അന്വേഷിച്ചു വന്നതെന്നുമാണ് പ്രതി പറയുന്നത്. വീട്ടിലെത്തിയപ്പോള്‍ കണ്ടത് പുറത്ത് മറ്റൊരു യുവാവ് നില്‍ക്കുന്നതാണ്. ഇയാളെ പെണ്‍കുട്ടി വിളിച്ചുവരുത്തിയതാകാം എന്നു കരുതി അനൂപ് പെണ്‍കുട്ടിയെ മര്‍ദിച്ചു. ഇതിനിടെ ലൈംഗിക ബന്ധത്തിനും നിര്‍ബന്ധിച്ചു. പെണ്‍കുട്ടി സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മര്‍ദിച്ച് അവശയാക്കി. തല ഭിത്തിയില്‍ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. പിന്നാലെ താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി ഫാനില്‍ കുരുക്കിട്ടു. പോയി ചത്തോ എന്നായിരുന്നു അനൂപിന്‍റെ പ്രതികരണം

എന്നാല്‍ തൂങ്ങിയ പെണ്‍കുട്ടി മരണവെപ്രാളത്തില്‍‌ പിടയുന്നത് കണ്ടപ്പോള്‍ ഷാള്‍ മുറിച്ചു താഴെയിട്ടു. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം അമര്‍ത്തിപിടിച്ചു. അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചുവെന്നു കരുതിയാണ് അനൂപ് അവിടെ നിന്നിറങ്ങിയത്. നാലു മണിക്കൂറോളം വീട്ടിനുള്ളില്‍ ഉണ്ടായിരുന്നു. പിന്നീട് വീടിന്‍റെ പുറകുവശത്തുകൂടി രക്ഷപ്പെട്ടു എന്നാണ് അനൂപ് പൊലീസിനോട് പറഞ്ഞത്.

chottanikkara-anoop

ചികിത്സയില്‍ തുടരുന്ന പത്തൊന്‍പതുകാരിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാമ് പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തുന്നത്. 2021ല്‍ പെണ്‍കുട്ടിക്കു നേരെ മറ്റൊരു അതിക്രമം ഉണ്ടായിരുന്നു. പോക്സോ കേസില്‍ രണ്ട് ബസ് ജീവനക്കാര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.

ENGLISH SUMMARY:

20-year-old woman raped and assaulted at home in Kochi, boyfriend in custody